SignIn
Kerala Kaumudi Online
Thursday, 11 September 2025 1.58 AM IST

ഭൂപെൻ ഹസാരിക ജന്മശതാബ്‌ദിക്ക് ഇന്ന് തുടക്കം, മാനവികതയുടെ മഹാനദി

Increase Font Size Decrease Font Size Print Page
a

ഇന്ത്യൻ സംസ്കാരത്തെയും സംഗീതത്തെയും സ്നേഹിക്കുന്ന എല്ലാവർക്കും സെപ്തംബർ എട്ട് ഏറെ സവിശേഷമാണ്; വിശേഷിച്ചും അ‌സമിലെ എന്റെ സഹോദരീ സഹോദരന്മാർക്ക്. കാരണം, ഭാരതീയ സംഗീതലോകത്തെ സവിശേഷ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപെൻ ഹസാരികയുടെ ജന്മദിനമാണ് ഇന്ന്. മാത്രമല്ല, അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന വേള കൂടിയാണിത്. ഇന്ത്യയുടെ കലാപരമായ ആവിഷ്കാരത്തിനും പൊതുബോധത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ വീണ്ടും ചർച്ച ചെയ്യാനുള്ള അവസരമാണിത്.

സംഗീതത്തിന് അ‌തീതമാണ് ഭൂപെൻ ദാ നമുക്കു നൽകിയ കാര്യങ്ങൾ. ഈണത്തിനും അപ്പുറം അദ്ദേഹത്തിന്റെ കൃതികൾ ഹൃദയത്തിൽ ആഴത്തിൽ സ്പന്ദിക്കുന്ന അ‌നുഭൂതികൾ പകരുന്നു. ശബ്ദം മാത്രമല്ല; ജനങ്ങളുടെ ഹൃദയതാളമായിരുന്നു അ‌ദ്ദേഹം. ദയ, സാമൂഹ്യനീതി, ഐക്യം, ആഴത്തിൽ വേരൂന്നിയ സ്വത്വം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടാണ് എത്രയോ തലമുറകൾ വളർന്നത്. അ‌സമിൽ നിന്നുയർന്ന ആ ശബ്ദം കാലാതീതമായ നദിപോലെ ഒഴുകി, അതിർത്തികളും സംസ്കാരങ്ങളും കടന്ന്, മാനവികതയുടെ സത്ത ഉൾക്കൊണ്ട ഒന്നായിരുന്നു.

സ്വത്വം വിടാത്ത

സഞ്ചാരി

ഭൂപെൻ ദാ ലോകമാകെ സഞ്ചരിച്ചു. നാനാതുറകളിലുള്ള ജനങ്ങളുമായി ഇടപഴകി. എന്നാൽ, അസമിലെ തന്റെ വേരുകളുമായി അദ്ദേഹം ആഴത്തിലുള്ള ബന്ധം പുലർത്തിപ്പോന്നു. അസമിലെ സമ്പന്നമായ വാമൊഴി പാരമ്പര്യങ്ങൾ, നാടോടി ഈണങ്ങൾ, സാമൂഹ്യ കഥപറച്ചിൽ രീതികൾ എന്നിവ അദ്ദേഹത്തിന്റെ ബാല്യത്തെ ആഴത്തിൽ രൂപപ്പെടുത്തി. ഈ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കലാപരമായ പദാവലിയുടെ അടിത്തറയായി. വെറും അഞ്ചു വയസുള്ളപ്പോൾ, അദ്ദേഹം ഒരു പൊതുപരിപാടിയിൽ പാടി. അ‌സം സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വമായ ലക്ഷ്മിനാഥ് ബെസ്ബറുവയുടെ ശ്രദ്ധയാകർഷിക്കാൻ ആ ശബ്ദത്തിനു കഴിഞ്ഞു. കൗമാരത്തിലെത്തുമ്പോഴേക്കും അദ്ദേഹം ആദ്യ ഗാനം റെക്കോഡ് ചെയ്‌തിരുന്നു!

ജ്യോതിപ്രസാദ് അഗർവാല, ബിഷ്ണു പ്രസാദ് റാഭ തുടങ്ങിയ സാംസ്കാരിക ഇതിഹാസങ്ങൾ അദ്ദേഹത്തിന്റെ മനസിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുകയും അന്വേഷണത്വരയെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു. പഠിക്കാനുള്ള ഈ ആഗ്രഹമാണ് അദ്ദേഹത്തെ ബനാറസ് ഹിന്ദു സർവകലാശാലയിലെ കോട്ടൺ കോളേജിൽ മികവു പുലർത്താൻ സഹായിച്ചതും, അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ചതും. അ‌വിടെ അദ്ദേഹം അക്കാലത്തെ പ്രമുഖ അക്കാഡമിക് വിദഗ്ദ്ധരുമായും ചിന്തകരുമായും സംഗീതജ്ഞരുമായും ഇടപഴകി. ഇതിഹാസ കലാകാരനും പൗരാവകാശ നേതാവുമായ പോൾ റോബ്‌സണെ അദ്ദേഹം കണ്ടുമുട്ടി. റോബ്‌സണിന്റെ 'ഓൾ മാൻ റിവർ" എന്ന ഗാനമാണ് ഭൂപെൻ ദായുടെ ഐതിഹാസിക രചനയായ 'ബിസ്തീർനോ പരോറെ"യ്ക്ക് പ്രചോദനമായത്. മുൻ അമേരിക്കൻ പ്രഥമ വനിത എലീനർ റൂസ്‌വെൽറ്റ്, ഇന്ത്യൻ നാടോടി സംഗീതത്തിലെ പ്രകടനങ്ങൾക്ക് അദ്ദേഹത്തിന് സ്വർണ മെഡൽ സമ്മാനിക്കുകയും ചെയ്തു.

അ‌മേരിക്കയിൽ തുടരാനുള്ള അ‌വസരം ഭൂപെൻ ദായ്ക്ക് ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തിരികെ ഇന്ത്യയിലെത്തി സംഗീതത്തിൽ മുഴുകി. റേഡിയോ മുതൽ നാടകം വരെയും,​ സിനിമകൾ മുതൽ വിദ്യാഭ്യാസ ഡോക്യുമെന്ററികൾ വരെയും അ‌ദ്ദേഹം നിറഞ്ഞു. എവിടെയും യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി. അദ്ദേഹത്തിന്റെ കൃതികൾ ഗാനരചനയുടെ കലാസൗന്ദര്യത്തിനുപുറമെ, സാമൂഹ്യ സന്ദേശങ്ങളും അ‌ടങ്ങുന്നതായിരുന്നു. ദരിദ്രർക്കുള്ള നീതി, ഗ്രാമവികസനം, സാധാരണ പൗരന്മാരുടെ ശക്തി എന്നിവയെ സ്പർശിക്കുന്ന സന്ദേശങ്ങൾ അ‌ദ്ദേഹം നൽകി. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന നിരവധി പേർ, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ, ആ സംഗീതത്തിൽ നിന്ന് ശക്തിയും പ്രതീക്ഷയും ഉൾക്കൊണ്ടു.

ഭൂപെൻ ദാ രാഷ്ട്രീയ വ്യക്തിത്വമല്ലായിരുന്നെങ്കിലും പൊതുസേവന മേഖലയുമായും അ‌ദ്ദേഹം ബന്ധപ്പെട്ടിരുന്നു. 1967-ൽ, അസമിലെ നൗബോയ്ച നിയോജക മണ്ഡലത്തിൽനിന്ന് സ്വതന്ത്ര എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജനങ്ങളുടെ വിശ്വാസത്തിൽ തന്റെ പൊതുവ്യക്തിത്വം എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്ന് തെളിയിച്ചു. ഇന്ത്യയിലെ ജനങ്ങളും ഗവണ്മെന്റും വർഷങ്ങളായി അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അംഗീകരിച്ചുവരുന്നു. പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. 2019-ൽ, അദ്ദേഹത്തിന് ഭാരതരത്നം നൽകപ്പെട്ടത്, എൻ.ഡി.എ ഗവൺമെന്റിനും വ്യക്തിപരമായി എനിക്കും അ‌ഭിമാനകരമായിരുന്നു.

സത്യത്തിന്റെ

സംഗീതം

സത്യത്തിൽ അധിഷ്ഠിതമായാൽ സംഗീതം എല്ലാ തടസങ്ങളെയും മറികടക്കും. ഒരു ഗാനത്തിന് ഒരു ജനതയുടെ സ്വപ്നങ്ങളുടെ ഭാരം വഹിക്കാനും ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ ചലിപ്പിക്കാനും കഴിയും. 2011-ൽ ഭൂപെൻ ദാ അന്തരിച്ച സമയം ഞാൻ ഓർക്കുകയാണ്. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ ലക്ഷക്കണക്കിനുപേർ പങ്കെടുത്തത് ഞാൻ ടിവിയിൽ കണ്ടു. എല്ലാ കണ്ണുകളും ഈറനണിഞ്ഞിരുന്നു. മരണത്തിലും, തന്റെ മഹത്തായ ജീവിതത്തിലെന്നപോലെ, അദ്ദേഹം ജനങ്ങളെ ഒരുമിച്ചു കൊണ്ടുവന്നു. ബ്രഹ്മപുത്ര നദിയിലേക്ക് മുഖംനോക്കുന്ന ജലുക്ബാരി കുന്നിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. ആ സംഗീതത്തിന്റെയും രൂപകങ്ങളുടെയും, ഓർമ്മകളുടെയും ജീവരേഖയായിരുന്നു അത്!

അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിന്റെ തുടക്കം ആഘോഷിക്കുമ്പോൾ, ആ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നമുക്ക് ആവർത്തിക്കാം. സംഗീതം, കല, സംസ്കാരം എന്നിവയെ പിന്തുണയ്ക്കുന്നതിനും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് പ്രചോദനമേകട്ടെ. സർഗാത്മകതയുടെയും കലാമികവിന്റെയും ഉജ്ജ്വല വേദിയായി ഇന്ത്യയെ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്കും ഇതു നമ്മെ പ്രചോദിപ്പിക്കട്ടെ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികളിൽ ഒന്നായ 'ധോല- സാദിയ" പാലത്തിന് ഭൂപെൻ ഹസാരികയുടെ പേരാണ് നൽകിയിരിക്കുന്നത് (അസമിലെ ലോഹിത് നദിക്കു കുറുകെ, അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ഈ പാലമാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം- 9.15 കി.മീറ്റർ). അദ്ദേഹത്തിന്റെ ഗാനങ്ങൾ വിവിധ പ്രദേശങ്ങളിലെ ഹൃദയങ്ങളെ ബന്ധിപ്പിച്ചതുപോലെ, ഈ പാലം ദേശങ്ങളെയും ജനങ്ങളെയും കൂട്ടിയിണക്കുന്നു.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.