കൊച്ചി: ട്രെയിനുകളിലെ ലേഡീസ് കോച്ചുകളിൽ പുരുഷന്മാരുടെ കടന്നുകയറ്റം പതിവാകുന്നുവെന്ന് പരാതികൾ വർദ്ധിക്കുന്നു. ട്രെയിനുകളിൽ പൊലീസ് സഹായം ലഭ്യമാകുന്നില്ലെന്നും കോച്ചുകളിലേയ്ക്ക് പ്രവേശനം പോലും തടഞ്ഞുകൊണ്ടാണ് പുരുഷന്മാരുടെ യാത്രയെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇവ ചോദ്യം ചെയ്താൽ സ്ത്രീകളോട് പുരുഷന്മാർ കയർത്ത് സംസാരിക്കുന്നെന്നും പരാതിയിൽ പറയുന്നു.
കൊല്ലം- എറണാകുളം മെമുവിൽ പല സ്റ്റേഷനുകളിലും സ്ത്രീകൾ കയറാനും ഇറങ്ങാനും പ്രയാസപ്പെട്ടതായി കാട്ടി വനിതാ യാത്രികർ പരാതി നൽകി. കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമുവിലും വനിതാ കോച്ചുകളിൽ പുരുഷ യാത്രക്കാരാണെന്ന് പരാതിയുണ്ട്. കോട്ടയം എക്സ്പ്രസിൽ രാത്രിയിൽ പലപ്പോഴും പൊലീസ് ഉണ്ടാകില്ലെന്നും ഒരിക്കൽ എറണാകുളം ടൗണിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ മദ്യപിച്ച് ബഹളം വച്ച യാത്രക്കാരനെതിരെ പരാതി പറഞ്ഞപ്പോൾ കോട്ടയത്ത് നിന്ന് നടപടി ഉണ്ടാകുമെന്നാണ് മറുപടി ലഭിച്ചതെന്നും യാത്രക്കാർ പറയുന്നു.
എല്ലാ ട്രെയിനിലും പൊലീസ് സുരക്ഷ സഹായം ഉറപ്പാക്കണമെന്ന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആർപിഎഫിലും ജിആർപിയിലും വിന്യസിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. ട്രെയിനുകളിൽ സിസി ടിവി സുരക്ഷാ സംവിധാനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകണമെന്നും ഭിക്ഷാടകർക്കും ട്രെയിനിൽ പിരിവ് നടത്തുന്നവർക്കുമെതിരെ നടപടികൾ സ്വീകരിക്കണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |