ബാംഗ്ലൂർ : സി.എം.ഐ സഭയുടെ കോട്ടയം പ്രവിശ്യയ്ക്ക് കീഴിലുള്ള ബംഗളൂരു ക്രിസ്തു ജയന്തി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി ഫാ. ഡോ. അഗസ്റ്റിൻ ജോർജിനെ നിയമിച്ചു. ക്രിസ്തുജയന്തി സർവകലാശാലയുടെ ചാൻസലറും
സി.എം.ഐ സഭയുടെ കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യലുമായ റെവ. ഫാ. ഡോ. അബ്രഹാം വെട്ടിയാങ്കലാണ് നിയമനം പ്രഖ്യാപിച്ചത്.
കംപ്യൂട്ടർ വിഭാഗം മേധാവി, ഡീൻ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ തുടങ്ങിയ പദവികൾ വഹിച്ചതിനു ശേഷമാണ് സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി അദ്ദേഹം നിയമിക്കപ്പെടുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ സംയോജനം, നൂതന സാങ്കേതിക പദ്ധതികളുടെ ആവിഷ്‌കരണം, ഗവേഷണരംഗത്തെ സംഭാവനകൾ, അന്തർദേശീയ സഹകരണങ്ങൾ, ഭാരതീയ വിജ്ഞാന സംഹിതയ്ക്ക് പ്രാധാന്യം നൽകിയുള്ള ഉന്നത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ വിദ്യാഭ്യാസരംഗത്തെ മികച്ച മുന്നേറ്റങ്ങൾ ക്രിസ്തു ജയന്തിയെ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻനിരയിലേക്ക് ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂലായ് എട്ടിനാണ് ക്രിസ്തു ജയന്തി കോളേജിനെ ഡീംഡ് യൂണിവേഴ്‌സിറ്റി പദവിയിലേക്ക് ഉയർത്തിയത്. 1999ൽ ഒൻപത് വിദ്യാർത്ഥികളുമായി ബംഗളൂരു സർവകലാശാലയ്ക്ക് കീഴിൽ കൊത്തനൂറിൽ തുടങ്ങിയ ക്രിസ്തു ജയന്തി 2013 ൽ ബംഗളൂരു നോർത്ത് സർവകലാശാലയ്ക്ക് കീഴിൽ ഓട്ടോണോമസ് പദവി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |