കൊച്ചി: ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് 25 കോടി രൂപ തട്ടിയ കേസിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തട്ടിപ്പിന്റെ കേന്ദ്രബിന്ദുവായി സൈബർ പൊലീസ് കാണുന്ന കാലിഫോർണിയ ആസ്ഥാനമായ ക്യാപ്പിറ്റലിക്‌സ് ട്രേഡിംഗ് കമ്പനിയിൽ നിക്ഷേപം നടത്തി 'കൈപൊള്ളിയവരിൽ' മലയാളികളും ഏറെ. കണ്ടെത്തൽ കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു. 46കാരനായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ കൈമാറിയ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. 10 ലക്ഷം മുതൽ കോടികൾ നഷ്ടപ്പെട്ട മലയാളികൾ വരെയുണ്ട്. ഇവരാരും പരാതി നൽകാൻ മുന്നോട്ടുവന്നിട്ടില്ല.
രാജ്യാന്തര സൈബർ തട്ടിപ്പുകളിൽ നേരത്തെയും പ്രതിസ്ഥാനത്ത് വന്ന കമ്പനിയാണ് ക്യാപ്പിറ്റാലിക്‌സ്. ഷെയർ ട്രേഡിംഗിനായുള്ള എല്ലാ രേഖകളും വ്യാജമായി ചമച്ചാണ് ക്യാപ്പിറ്റലിക്‌സിലേക്ക് ഇരകളെ വീഴ്ത്തുന്നത്. ട്രേഡിംഗിലെ കേമന്മാർ പോലും കബളിപ്പിക്കപ്പെട്ടു. ട്രേഡിംഗ് പ്ലാറ്റ്‌ഫോമും പണം നിക്ഷേപിക്കാനുള്ള ആപ്പും വ്യാജമായി നിർമ്മിച്ചാണ് ക്യാപ്പിറ്റലിക്‌സ് തട്ടിപ്പ് കൊഴുപ്പിച്ചത്. സൈപ്രസ് സൈബർ തട്ടിപ്പ് മാഫിയയാണ് ക്യാപ്പിറ്റലിക്‌സിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കാലിഫോർണിയയിലാണെങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോൾ സെന്റർ പ്രവർത്തിക്കുന്നത് സൈപ്രസിലാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
വീഴ്‌ത്താൻ മലയാളവും
കൊച്ചി എളംകുളം കുമാരനാശാൻ നഗറിൽ താമസിക്കുന്ന 49കാരനായ വ്യവസായിയെ ഡാനിയേൽ എന്ന് പരിചയപ്പെടുത്തി മലയാളത്തിൽ സംസാരിക്കുന്ന ഒരാളാണ് ട്രേഡിംഗിൽ നിക്ഷേപിക്കാനും ലാഭം കൊയ്യാനും പ്രേരിപ്പിച്ചത്. ടെലഗ്രാമിലൂടെയായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം. ഡാനിയേലിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സൈപ്രസിലേക്കുള്ള വഴിതുറന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണസംഘം. മൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളിലാണ് പരാതിക്കാരന് 24.76 കോടി രൂപ നഷ്ടമായത്.
പണം പോയത് ഇന്ത്യൻ അക്കൗണ്ടിലേക്ക്
ഇന്ത്യയിലെ അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഇടപാടിന്റെ വിവരങ്ങൾ പ്രത്യേക സംഘം ശേഖരിച്ച് വരികയാണ്. ശേഷം പരാതിക്കാരനുമായി തട്ടിപ്പുസംഘം ഫോൺ വഴിയും സമൂഹമാദ്ധ്യമ പേജുകൾ വഴിയുമെല്ലാം നടത്തിയ ആശയവിനിമയങ്ങളുടെ പൂർണവിവരങ്ങളും ശേഖരിക്കും.
തട്ടിപ്പിന് ടെലഗ്രാമും
ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ കബളിപ്പിച്ച് 2023 മാർച്ച് മുതൽ 2025 വരെയുള്ള കാലയളവിലാണ് 25 കോടി രൂപ സൈബർ കൊള്ളസംഘം തട്ടിയെടുത്തത്. ക്യാപ്പിറ്റാലിക്‌സ്.കോം എന്ന വെബ്‌സൈറ്റ് വഴി ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ക്യാപ്പിറ്റാലിക്‌സ് ബോട്ട് എന്ന ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ചു. കൊച്ചി സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |