പാലക്കാട്: പൊലീസ് വേട്ടയ്‌ക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്‌റ്റുകാരാണെന്ന് മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്. എല്ലാ സർക്കാരിന്റെ കാലത്തും പൊലീസിൽ പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ളവർ അവരുടെ സർക്കാരിന്റെ കാലത്തുള്ള പൊലീസിന്റെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ കോൺഗ്രസ് പ്രതിസന്ധിയിലായി. അത് മറികടക്കാനാണ് ഇപ്പോൾ പൊലീസ് വിഷയം കോൺഗ്രസ് ഉയർത്തുന്നതെന്നും തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരള പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തേ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് പൊലീസിനുമേൽ ഉണ്ടായിരുന്ന നിയന്ത്രണം നഷ്‌ടമായി. വകുപ്പ് മന്ത്രിയുടെ ഭരണവീഴ്‌ചയും പൊലീസിനെ ബാധിക്കുന്നു. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. പിണറായി വിജയൻ പൊലീസ് സ്റ്റേഷനുകളെ കോൺസൻട്രേഷൻ ക്യാമ്പുകൾ ആക്കി മാറ്റുകയാണോ? ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |