ആലുവ: അദ്വൈതാശ്രമത്തേയും പീതപതാകയേയും നിന്ദിച്ച ആലുവ നഗരസഭാ ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിക്കണമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് അദ്വൈതാശ്രമം കോമ്പൗണ്ടിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സ്ഥാപിച്ചിരുന്ന ബോർഡും പീതപതാകകളും ഏതാനും നഗരസഭാ ജീവനക്കാരെത്തി മുന്നറിയിപ്പോ പ്രകോപനമോയില്ലാതെ നശിപ്പിക്കുകയായിരുന്നു. ഗുരുദേവനോടും ഗുരുദേവ പ്രസ്ഥാനത്തോടുമുള്ള നിന്ദ്യമായ വെല്ലുവിളിയാണിത്. സംഭവത്തിൽ അദ്വൈതാശ്രമം ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ന് നഗരസഭാ ഓഫീസ് മാർച്ച്
അദ്വൈതാശ്രമത്തിന് നേർക്കുള്ള ആലുവ നഗരസഭയുടെ കിരാതനടപടിക്കെതിരെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ആലുവ നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്ന് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അറിയിച്ചു. രാവിലെ പത്തിന് അദ്വൈതാശ്രമ കവാടത്തിൽനിന്ന് മാർച്ച് ആരംഭിക്കും. നഗരസഭാ ഓഫീസിന് മുമ്പിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷനാകും. യൂണിയൻ പരിധിയിലെ എല്ലാ ശാഖകളിൽ നിന്നുമുള്ള ശ്രീനാരായണീയർ പങ്കെടുക്കും.
സി.പി.എം പ്രതിഷേധിച്ചു
അദ്വൈതാശ്രമം സ്വന്തംസ്ഥലത്ത് നാട്ടിയിരുന്ന കൊടികളും ബാനറും നശിപ്പിച്ച നഗരസഭയുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സി.പി.എം ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ പറഞ്ഞു. മര്യാദയില്ലാതെയാണ് നഗരസഭാ അധികൃതർ പെരുമാറിയത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിവേണം.
ശ്രീനാരായണക്ളബ് പ്രതിഷേധിച്ചു
അദ്വൈതാശ്രമത്തിന് നേരെ നിയമവിരുദ്ധ നടപടികൾ സ്വീകരിച്ച നഗരസഭാ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആലുവ ശ്രീനാരായണ ക്ലബ്ബ് ആവശ്യപ്പെട്ടു. നഗരസഭയുടെ കാടത്തനടപടി ഗുരുദേവനേയും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും അധിക്ഷേപിക്കുന്നതാണെന്ന് ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ പറഞ്ഞു.
ബി.ജെ.പി പ്രതിഷേധം
അദ്വൈതാശ്രമത്തിന് നേർക്ക് നഗരസഭ സ്വീകരിച്ച നടപടികളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബി.ജെ.പി ആലുവ മണ്ഡലം സെക്രട്ടറി എം.യു. ഗോപുകൃഷ്ണൻ പറഞ്ഞു. വിശ്വാസികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന നടപടിയാണിത്. മറ്റേതെങ്കിലും ആരാധാനാലയങ്ങൾക്ക് നേരെ ഇത്തരം നടപടി നഗരസഭ സ്വീകരിക്കില്ല. ഗുരുവിനെ ആരാധിക്കുന്നവരോട് നഗരസഭ കാണിക്കുന്ന അവഹേളനമാണിത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |