ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ടൗൺ ഹാൾ നവീകരണ നിർമ്മാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും നവീകരണത്തെക്കുറിച്ച് നഗരസഭ ധവളപത്രം പുറത്തിറക്കണമെന്നും ബി.ജെ.പി. 8 വർഷം കഴിഞ്ഞിട്ടും നവീകരണം പൂർത്തിയാകാതെയെന്ന് 8ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. 2025 മാർച്ച് 31നകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന് നഗരസഭ രേഖാമൂലം അറിയിച്ചിരുന്നു. നഗരസഭയുടെ പ്രധാന വരുമാന സ്രോതസായ ടൗൺ ഹാൾ വാടക നിലച്ചിട്ട് 8 വർഷം കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ സി.എഫ്.സി ഗ്രാന്റ് ഇനത്തിൽ 1.63 കോടിയും സഹകരണ ബാങ്കിന്റെ വായ്പായിനത്തിൽ 3.64 കോടിയും നഗരസഭാ വികസന ഫണ്ടിൽ നിന്ന് 11.52 ലക്ഷം രൂപയുമടക്കം 5.39 കോടി രൂപ നഗരസഭാ ടൗൺ ഹാൾ നവീകരണത്തിന് ഇതിനകം ചെലവഴിച്ചു. നവീകരണ നിർമ്മാണത്തിന്റെ പകുതിയിലധികം ജോലികൾ ഇനിയും ബാക്കിയുണ്ട്. നഗരസഭയുടെ ടൗൺ ഹാൾ നവീകരണത്തിലെ ക്രമക്കേടുകളും അഴിമതിയും പുറത്തുകൊണ്ടുവരാൻ ബഹുജന സമരങ്ങളും നിയമപരമായ നടപടികളും സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സുധീർ,ജില്ലാ സെക്രട്ടറിമാരായ രാജേഷ് മാധവൻ സന്തോഷ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ബൈജു.ആദർശ് തുടങ്ങിയവർ ആറ്റിങ്ങൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഒരു കോടിയിലധികം രൂപ
പലിശയിനത്തിൽ നൽകിക്കഴിഞ്ഞു
2017ൽ നിർമ്മാണം ആരംഭിച്ചത് മുതൽ നടപടിക്രമങ്ങളിൽ വ്യാപക ക്രമക്കേടുകൾ നടന്നിരുന്നു. ഹഡ്കോയുടെ പലിശയിൽ നിന്ന് 5 പൈസയുടെ കുറവ് കാണിച്ചാണ് ആറ്റിങ്ങൽ ടൗൺ സൊസൈറ്റിയിൽ നിന്ന് വായ്പ നേടിയത്. തുടർന്ന് നിർമ്മാണച്ചുമതല കെ.എസ്.ഇ.ബിക്ക് കൈമാറി, 20ൽ നഗരസഭ നേരിട്ട് പണിതുടങ്ങി. ഒരു കോടിയിലധികം രൂപ പലിശയിനത്തിൽ നഗരസഭ സഹകരണ സ്ഥാപനത്തിന് നൽകിക്കഴിഞ്ഞു.
പൂർത്തിയാക്കുമെന്നറിയിച്ചെങ്കിലും
പദ്ധതി വീണ്ടും മുടങ്ങി
2024 ജനുവരിയിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം ടൗൺ ഹാളും പരിസരവും നേരിട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 24 - 25 വർഷം കംപ്ലീഷൻ ആൻഡ് ഇന്റീരിയർ ജോലികൾക്കായി 3.75 കോടി രൂപ വകയിരുത്തി പദ്ധതി പൂർത്തിയാക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു. എന്നാൽ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകാതിരുന്നതോടെ പദ്ധതി വീണ്ടും മുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |