ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളന വേദിയിൽ റെഡ് വോളന്റിയർ സേനയ്ക്ക് നേതൃത്വം നൽകുന്നത് സി.പി.ഐയുടെ റെഡ് വോളന്റിയർ സേനയായ ജനസേവാദളിന്റെ ദേശീയ ക്യാപ്ടനായ മലയാളി. സി.കെ.ചന്ദ്രപ്പൻ സ്മാരകം മാനേജർ അടൂർ അരവിന്ദം വീട്ടിൽ മുൻ റെയിൽവേ ട്രെയിൻ മാനേജർ ആർ.രമേഷ് (64) ആണ് ദേശീയ തലത്തിൽ ജനസേവാദളിനെ (പീപ്പിൾസ് സർവീസ് കോപ്സ്) നയിക്കുന്നത്.
കേരളത്തിൽ ക്യാപ്റ്റനെന്ന നിലയ്ക്ക് സേനയെ ശക്തിപ്പെടുത്താനും, പ്രവർത്തനം വ്യാപിപ്പിക്കാനും രമേഷ് നടത്തിയ ശ്രമങ്ങളാണ് പാർട്ടി ദേശീയ കൗൺസിൽ ഏകകണ്ഠേന ഇദ്ദേഹത്തെ ദേശീയ ക്യാപ്ടനായി തിരഞ്ഞെടുക്കാൻ വഴിയൊരുക്കിയത്. നിലവിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമാണ്. സേവാദളിന്റെ ദേശീയ ക്യാപ്ടനാകുന്ന ആദ്യ മലയാളി എന്നതിൽ അഭിമാനമുണ്ടെന്ന് രമേഷ് പറഞ്ഞു. അടുത്തിടെ ബിഹാറിലും, തമിഴ്നാട്ടിലും സേനയ്ക്ക് പരിശീലനം നൽകാൻ പോയിരുന്നു. കളരി, കരാട്ടെ, നീന്തൽ, അഗ്നിരക്ഷ എന്നിവയ്ക്ക് പുറമേ പ്രകൃതി ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിനടക്കം രാജ്യത്ത് ഒരു ലക്ഷത്തിലധികം വോളന്റിയർമാർക്ക് പരിശീലനം നൽകാനാണ് ദേശീയ ജനസേവാദള്ളിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര സാഹചര്യം നേരിടാൻ കേരളത്തിൽ ഓരോ ജില്ലയിലും നൂറ് പേരടങ്ങുന്ന പ്രത്യേക സംഘത്തിന് പരിശീലനം നൽകും. പതിമൂന്നാം വയസിൽ എ.ഐ.എസ്.എഫിൽ തുടങ്ങിയതാണ് പ്രവർത്തനം. പതിനഞ്ചാം വയസ് മുതൽ റെഡ് വോളന്റിയറാണ്. ഡ്യൂട്ടി കാലയളവിൽ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾക്ക് റെയിൽവേയിൽ നിന്നടക്കം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീലത രമേഷാണ് ഭാര്യ. മക്കൾ: അരവിന്ദ്, അഭിനന്ദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |