#വിധി തെറ്റാണെന്ന് പ്രഖ്യാപിക്കാൻ സർക്കാർ ആവശ്യപ്പെട്ടു
#മിണ്ടാതെ ഇരിക്കണോയെന്ന് തിരിച്ചടിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഏതു ഉന്നത പദവിയിൽ ഇരിക്കുന്നവരായാലും നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി . ഗവർണമാർ ബില്ലുകളിൽ അടയിരിക്കുന്നതുമായി ബന്ധപ്പെട്ട വാദംകേൾക്കലിനിടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായാണ് ഈ നിരീക്ഷണം നടത്തിയത്. ബില്ലുകളിൽ അനന്തമായി അടയിരിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ ഇന്നലെ കോടതിയിൽ സമ്മതിച്ചു. എന്നാൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും മൂന്നുമാസം സമയപരിധി സുപ്രീകോടതി നിശ്ചയിച്ചതിനെ എതിർത്തു. തമിഴ്നാട് സർക്കാരും ഗവർണറുമായുള്ള കേസിലെ വിധി തെറ്രാണെന്ന് പ്രഖ്യാപിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. ഇതോടെ, ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തിരിച്ചടിച്ചു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാൾ നിർവഹിച്ചില്ലെങ്കിൽ അതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ല എന്നാണോ? സുപ്രീംകോടതി ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള സ്ഥാപനമാണ്. ജനാധിപത്യത്തിന്റെ ഒരു തൂണ് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയാൽ കോടതി മിണ്ടാതെയിരിക്കണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
വിധി പറയാൻ മാറ്റി
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ ഇന്നലെ വാദം കേൾക്കൽ പൂർത്തിയായി. വിധി പറയാൻ മാറ്റി. പത്തു ദിവസമാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. കേരളം, തമിഴ്നാട്, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ റഫറൻസ് നിലനിൽക്കില്ലെന്ന് ശക്തമായി വാദിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ, ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ തുടങ്ങി 14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |