ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് നാളെ ടോക്യോയിൽ തുടക്കം
ടോക്യോ : പുതിയ ദൂരവും ഉയരവും സമയവും തേടി ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റിക്സ് താരങ്ങൾ ഇനി ജപ്പാന്റെ മണ്ണിൽ. 20-ാമത് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് നാളെ ടോക്യോയിൽ തിരിതെളിയുകയാണ്.2021ൽ ഒളിമ്പിക്സ് മത്സരങ്ങളും പാരാലിമ്പിക്സ് മത്സരങ്ങളും നടന്ന ടോക്യോയിലെ നാഷണൽ സ്റ്റേഡിയമാണ് 21വരെ നീളുന്ന ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം പുരുഷ - വനിതാ 35കി.മീ നടത്തത്തിലും പുരുഷ ഷോട്ട്പുട്ടിലും വനിതകളുടെ 10,000 മീറ്ററിലുമാണ് ഫൈനൽ നടക്കുക.
198 രാജ്യങ്ങളിൽ നിന്നുള്ള 2202 അത്‌ലറ്റുകളാണ് 49 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ഇത് മൂന്നാം തവണയാണ് ജപ്പാൻ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. 1991ൽ ടോക്യോയിലും 2007ൽ ഒസാക്കയിലും ലോക ചാമ്പ്യൻഷിപ്പ് നടന്നിരുന്നു.
19 ഇന്ത്യക്കാർ
യോഗ്യതാ മാർക്ക് മറികടന്നവരും ലോക റാങ്കിംഗ് അടിസ്ഥാനത്തിൽ യോഗ്യത നേടിയവരും വൈൽഡ് കാർഡ് എൻട്രിയുമായി 19 ഇന്ത്യൻ താരങ്ങളാണ് ടോക്യോയിൽ മാറ്റുരയ്ക്കാനെത്തുന്നത്. 14 പുരുഷതാരങ്ങളും അഞ്ച് വനിതാ താരങ്ങളുമാണ് സംഘത്തിലുള്ളത്. പുരുഷ ജാവലിൻ ത്രോയിലെ നിലവിലെ ലോക ചാമ്പ്യൻ നീരജ് ചോപ്ര,പ്രവീൺ ചിത്രവേൽ,അവിനാഷ് സാബ്‌ലെ,ഗുൽവീർ സിംഗ്, പരുൾ ചൗധരി, അവിനാഷ് സാബ്‌ലെ, മലയാളി താരങ്ങളായ എം.ശ്രീശങ്കർ, അബ്ദുള്ള അബൂബക്കർ തുടങ്ങിവരാണ് ഇന്ത്യൻ സംഘത്തിലെ പ്രമുഖർ.
ഇന്ത്യൻ സംഘം
നീരജ് ചോപ്ര ( ജാവലിൻ ത്രോ),പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജമ്പ്), ഗുൽവീർ സിംഗ് (5000 മീറ്റർ), അവിനാഷ് സാബ്‌ലെ (3000 സ്റ്റീപ്പിൾ ചേസ്),പരുൾ ചൗധരി (3000 സ്റ്റീപ്പിൾ ചേസ്), എം. ശ്രീശങ്കർ (ലോംഗ് ജമ്പ്), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), അനിമേഷ് കുജൂർ (200 മീറ്റർ), അന്നുറാണി (ജാവലിൻ ത്രോ), സച്ചിൻ യാദവ് (ജാവലിൻ ത്രോ), യഷ്‌വീർ സിംഗ് (ജാവലിൻ ത്രോ), അങ്കിത ദയാനി (3000 സ്റ്റീപ്പിൾ ചേസ്), സർവേഷ് കുഷാരേ (ഹൈജമ്പ്), നന്ദിനി അഗസര ( ഹെപ്റ്റാത്തലൺ), പൂജ (1500 മീറ്റർ). സെർവിൻ സെബാസ്റ്റ്യൻ (20 കി.മീ നടത്തം). ആകാശ്ദീപ് സിംഗ് (20 കി.മീ നടത്തം),റാം ബാബു (20 കി.മീ നടത്തം), പ്രിയങ്ക ഗോസ്വാമി (35 കി.മീ നടത്തം )
മലയാളിത്തിളക്കമായി
ശ്രീശങ്കറും അബ്ദുള്ളയും
പരിക്കിനും ശസ്ത്രക്രിയയ്ക്കും ശേഷം ജമ്പിംഗ് പിറ്റിലേക്ക് തിരിച്ചെത്തിയ പാലക്കാട് സ്വദേശി എം.ശ്രീശങ്കർ റാങ്കിങ്ങിൽ 36–ാം സ്ഥാനക്കാരനായാണ് ടോക്കിയോ ബെർത്ത് ഉറപ്പിച്ചത്. ഇരുപത്താറുകാരനായ ശ്രീശങ്കറിന്റെ നാലാം ലോക ചാമ്പ്യൻഷിപ്പാണിത്. കാര്യവട്ടം നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ പിതാവ് മുരളിക്ക് കീഴിലാണ് ശ്രീ പരിശീലിച്ചത്.
ട്രിപ്പിൾ ജമ്പ് റാങ്കിംഗിൽ 28–ാം സ്ഥാനത്തോടെ യോഗ്യത നേടിയ കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള അബൂബക്കർ തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ്.
നദീമും നീരജും തമ്മിൽ
പാരീസ് ഒളിമ്പിക്സിന് ശേഷം പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും പാകിസ്ഥാൻ താരം അർഷാദ് നദീമും ടോക്യോയിൽ നേർക്കുനേർ പോരിനിറങ്ങും. നാലുവർഷം മുമ്പ് ടോക്യോയിൽ ഒളിമ്പിക് സ്വർണം നേടിയ വേദിയിലേക്കാണ് നീരജ് വീണ്ടും മത്സരിക്കാനെത്തുന്നത്. പാരീസിൽ നീരജിനെ വെള്ളിയിൽ ഒതുക്കിയാണ് നദീം സ്വർണം നേടിയത്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയുടേയും പാകിസ്ഥാന്റേയും താരങ്ങൾ നേർക്കുനേർ വരുമ്പോൾ വീറുറ്റ പോരാട്ടം നടക്കുമെന്നുറപ്പാണ്. കഴിഞ്ഞമാസം നീരജ് ചോപ്ര സംഘടിപ്പിച്ച ഇൻവിറ്റേഷൻ മീറ്റിൽ പങ്കെടുക്കാൻ നദീമിനെ ക്ഷണിച്ചിരുന്നെങ്കിലും സ്വീകരിക്കച്ചിരുന്നില്ല. പഹൽഗാം ആക്രമണത്തിന് ശേഷം ക്ഷണം നീരജ് പിൻവലിക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ ആദ്യമായി 90 മീറ്റർ മാർക്ക് മറികടന്ന ആത്മവിശ്വാസത്തിലാണ് നീരജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |