സർക്കാർ പിന്തുണയും നിക്ഷേപ ഒഴുക്കും ആവേശമാകുന്നു
കൊച്ചി: കേന്ദ്ര സർക്കാരിന്റെ വ്യവസായ പ്രോത്സാഹന നയങ്ങളും ആഗോള പങ്കാളിത്തങ്ങളും രാജ്യത്തെ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റത്തിന് ഊർജമാകുന്നു. രാജ്യത്ത് ഡിജിറ്റൽ വിപ്ളവം യാഥാർത്ഥ്യമാക്കാൻ നവീന സാങ്കേതികവിദ്യകൾ അധിഷ്‌ഠിതമായ സേവനങ്ങൾ ലഭ്യമാക്കാനാണ് സ്‌റ്റാർട്ടപ്പുകളുടെ ശ്രമം. നിർമ്മിതബുദ്ധി(എ.ഐ), മെഷീൻ ലേണിംഗ്, റോബോട്ടിക്‌സ്, ക്വാണ്ടം മെക്കാനിക്‌സ്, ഡ്രോൺ തുടങ്ങിയ മേഖലകളിലെ ഡീപ് ടെക്ക് സ്‌റ്റാർട്ടപ്പുകളാണ് ഡിജിറ്റൽ ലോകത്തിന്റെ തലവര മാറ്റിമറിക്കുന്നത്. കൺസ്യൂമർ ആപ്പുകൾക്കും ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്കുമപ്പുറം ഇന്ത്യൻ സാങ്കേതിക വ്യവസായ രംഗം വളർച്ചയുടെ പുതിയ ഉയരങ്ങളേക്ക് നീങ്ങുന്നുവെന്നാണ് ഡീപ്പ് ടെക്കുകളുടെ വളർച്ചയും വികാസവും വ്യക്തമാക്കുന്നത്. ഭാഷാ വൈവിദ്ധ്യങ്ങളും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും അടക്കമുള്ള സങ്കീർണതകൾ മറികടന്ന് ഏതൊരു സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിയുന്ന സിസ്റ്റങ്ങളാണ് ഡീപ്പ് ടെക്ക് കമ്പനികൾ തയ്യാറാക്കുന്നത്. ആരോഗ്യ, ധനകാര്യ, പ്രതിരോധ മേഖലകൾക്ക് ആവശ്യമായ സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ പശ്ചാത്തല സൗകര്യമാണ് ഒരുക്കുന്നത്.
വിപ്ളവം സൃഷ്‌ടിച്ച് ഡ്രോൺ സ്‌റ്റാർട്ടപ്പുകൾ
ഡ്രോണുകളുടെ സാദ്ധ്യത ഉപയോഗിക്കുന്ന സ്‌റ്റാർട്ടപ്പുകളിൽ ഇന്ത്യ നിശബ്ദ വിപ്ലവം സൃഷ്‌ടിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് നിലവിൽ പൊതു, സ്വകാര്യ മേഖലകളിലായി അറുനൂറിലധികം കമ്പനികളാണ് ഡ്രോണുകളുടെ നിർമ്മാണം മുതൽ ഘടക ഭാഗങ്ങളുടെ വിൽപ്പനയിൽ വരെ സജീവമായിട്ടുള്ളത്. അടിസ്ഥാന ക്വാഡ്‌കോപ്‌റ്റേർസ് മുതൽ വലിയ ഡ്രോണുകളുടെ നിർമ്മാണവും ആവശ്യമായ സിസ്റ്റത്തിന്റെ വികസനവും ഇവർ നിർവഹിക്കുന്നു. ഈ രംഗത്തെ വിദേശ ആശ്രയത്വം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പിന്തുണയൊരുക്കി സർക്കാർ
ഡ്രോണുകളും ഘടക ഭാഗങ്ങളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതി(പി.എൽ.ഐ) കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ നിശ്ചിത നിർമ്മാണ ലക്ഷ്യം കൈവരിക്കുന്ന കമ്പനികൾക്കായി 120 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതുകൂടാതെ സിന്ദൂർ ഓപ്പറേഷന് ശേഷം ആഭ്യന്തര ഡ്രോൺ നിർമ്മാതാക്കൾക്കായി 2,000 കോടി രൂപ മൂന്ന് വർഷത്തേക്ക് മാറ്റിവച്ചു.
ഘാതക് അടുത്ത വർഷം
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ(ഡി.ആർ.ഡി.ഒ) വികസിപ്പിച്ച ആളില്ലാത്ത സായുധ പ്ളാറ്റ്‌ഫോമായ ഘാതക് അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കും. ഒന്നര ടൺ ആയുധങ്ങളുമായി ആറ് മണിക്കൂർ വരെ പറക്കാൻ കഴിയുന്ന ഡ്രോണാണിത്.
ഡ്രോൺ മേഖലയിലെ പ്രമുഖർ
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ്, അദാനി എയ്റോസ്‌പേസ്, സോളാർ ഡിഫൻസ്, സെൻ ടെക്നോളജീസ്, ഐഡിയ ഫോർജ്, ന്യുസ്പേസ് റിസർച്ച് ടെക്നോളജീസ്
ഏപ്രിൽ-ജൂണിൽ സ്‌റ്റാർട്ടപ്പുകൾ സമാഹരിച്ച തുക
22,000 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |