കിഫ്ബി അധികൃതർ സന്ദർശിച്ചു
വിഴിഞ്ഞം: കാക്കാമൂല ബണ്ട് റോഡിൽ പണിയുന്ന പാലത്തിന്റെ നിർമ്മാണ പുരോഗതി കിഫ്‌ബി ഉദ്യോഗസ്ഥരെത്തി വിലയിരുത്തി.പ്രോജക്ട് എക്സാമിനർ ശരത് എസ്.നായർ,ഇൻസ്പെക്ഷൻ എൻജിനിയർമാരായ കാർത്തിക സന്തോഷ്,നിഖിൽ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എൻജിനിയർ.പി.ആർ.രാകേഷ്,പ്രോജക്ട് എൻജിനിയർ റാസിക്,ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനി എൻജിനിയർമാരായ അഹമ്മദ് റാഫി,നിതിൻ രാജ്,ദീപു,പൊതുപ്രവർത്തകനായ കാക്കാമൂല ബിജു എന്നിവരടങ്ങുന്ന സംഘമാണെത്തിയത്. 55 ശതമാനത്തിലേറെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയായത്. അഞ്ച് സ്പാനുകളിലായി 20 ബീമുകളാണ് നിർമ്മിക്കുന്നത്. ഇതിൽ രണ്ട് സ്പാനിന്റെ 9ബീമുകളുടെ നിർമ്മാണം പൂർത്തിയാക്കി. 4ഗർഡറുകളുടെ സ്ട്രസിംഗ് പൂർത്തിയായി.
പൂർത്തിയായത് - 55 ശതമാനം പണികൾ
ഡിസംബറിൽ പൂർത്തിയാക്കാനായി വളരെ വേഗത്തിൽ നിർമ്മാണം നടക്കുകയാണ്.
രാഗേഷ്,അസിസ്റ്റന്റ് എൻജിനിയർ
അപ്രോച്ച് റോഡ് പ്രതിസന്ധി
അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കലിനായി സ്പെഷ്യൽ തഹസീൽദാർ സ്ഥലപരിശോധന നടത്തി മടങ്ങിയെങ്കിലും തുടർനടപടിയുണ്ടായില്ല. വേണ്ടത് 4.28 സെന്റ് സ്ഥലം മാത്രമാണ്.സ്ഥലപരിശോധന നടത്തി ഏറ്റെടുക്കൽ നടപടി വിജ്ഞാപനം കാത്തിരിക്കുകയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റാത്തതും നിർമ്മാണം പൂർത്തിയാക്കുന്നതിന് തടസമാകുന്നു.
ടാറിംഗ് വേണം
നിർമ്മാണം തുടങ്ങിയ ശേഷം കാർഷിക കോളേജ്,പൂങ്കുളം,തിരുവല്ലം ഭാഗത്തേക്കും തിരികെയും വാഹനങ്ങൾ കടന്നുപോകുന്നത് കാക്കാമൂല കായൽക്കര മുനവരി റോഡ്,തുടലിവിള വവ്വാമൂല ബണ്ട് റോഡ്,മുട്ടയ്ക്കാട് ആയുർവേദ ആശുപത്രി റോഡ് വഴിയാണ്.ഈ റോഡിൽ പല സ്ഥലങ്ങളിലും കുഴികൾ വീണ് ഗതാഗതയോഗ്യമല്ല. 5 കിലോമീറ്റർ റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കിഫ്ബി അധികൃതർക്ക് നാട്ടുകാർ ഒപ്പിട്ട് നിവേദനം നൽകിയതായി കാക്കാമൂല ബിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |