ചവറ: തേവലക്കരയിൽ പലചരക്ക് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. പടിഞ്ഞാറ്റേക്കര ആലയിൽ ഇറക്കത്ത് പ്രവർത്തിക്കുന്ന പടിഞ്ഞാറ്റേക്കര കല്ലയ്യത്ത് വീട്ടിൽ ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഷമീർ സ്റ്റോഴ്സിനാണ് തീ പിടിച്ചത്. മുഴുവൻ സാധന സാമഗ്രികളും കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നേമുക്കാലോടെയാണ് അപകടം.
ഷമീർ കട അടച്ച് പുറത്തേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോഴാണ് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം ഫയർ ഫോഴ്സിൽ അറിയിച്ചു. ചവറയിൽ നിന്ന് മൂന്ന് യൂണിറ്റും കരുനാഗപ്പള്ളിയിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീകെടുത്തിയത്. കടയോട് ചേർന്നുള്ള വീട്ടിലേക്ക് തീ പടരാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി. ഏകദേശം15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വൻ ദുരന്തം ഒഴിവായി
മെയിൻ റോഡിനോട് ചേർന്ന് പടിഞ്ഞാറ്റേക്കര ആലേ ഇറക്കത്തുള്ള ഏക പലചരക്ക് വ്യാപാര സ്ഥാപനമാണ് കത്തിനശിച്ചത്. വീട്ടുടമസ്ഥർ പലരും രാവിലെ ജോലിക്ക് പോകുമ്പോൾ ഗ്യാസെടുക്കാൻ ഏൽപ്പിക്കുന്നത് ഈ കടയിലാണ്. മിക്കപ്പോഴും കടയുടെ മുന്നിൽ ഗ്യാസ് കുറ്റിയുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. എന്നാൽ അപകട ദിവസം ഗ്യാസ് കുറ്റി ഒന്നുംതന്നെ ഉണ്ടാകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |