കൊച്ചി: ശാരീരിക വൈകല്യമുള്ളവർക്ക് ക്ഷേത്രങ്ങളിൽ സുഗമദർശനത്തിന് അതത് ദേവസ്വം ബോർഡുകൾ ക്രമീകരണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. നിശ്ചിതദിവസമോ സമയമോ അവർക്ക് അനുവദിക്കുന്നത് പരിഗണിക്കുകയും അത് മാദ്ധ്യമങ്ങളിലൂടെ അറിയിക്കുകയും വേണം. വെർച്വൽക്യൂ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. സാഹചര്യങ്ങൾ വിലയിരുത്തി നാലമ്പലത്തിനുള്ളിലും മറ്റിടങ്ങളിലും വീൽചെയർ അനുവദിക്കുന്നതിൽ ബോർഡുകൾ തീരുമാനമെടുക്കണം. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ നാലുമാസത്തിനകം നൽകണമെന്നും വ്യക്തമാക്കി. പ്രധാന ക്ഷേത്രങ്ങളിൽ മൂന്നുമുതൽ അഞ്ചുവരെ വീൽചെയറുകൾ ലഭ്യമാക്കുന്നത് പരിഗണിക്കണമെന്ന് അമിക്കസ്‌ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. വൈകല്യമുള്ളവർക്ക് ക്ഷേത്രത്തിനുള്ളിൽ എവിടംവരെ എത്താമെന്ന് വ്യക്തമാക്കുക, സുഗമദർശനത്തിന് സൗകര്യമൊരുക്കുക, സഹായത്തിന് പരിശീലകരെ നിയോഗിക്കുക തുടങ്ങിയവയായിരുന്നു മറ്റു നിർദ്ദേശങ്ങൾ. വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ചാർട്ടേഡ് അക്കൗണ്ടന്റ് ടി.സുഗന്ധി നൽകിയ ഹർജിയാണ് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |