തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ജി.പി.എഫുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ അദാലത്ത് നടത്തുമെന്ന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അറിയിച്ചു. ഏറെക്കാലമായി തീർപ്പാക്കാനാകാതെ തുടരുന്ന പരാതികളാണ് പരിഗണിക്കുക. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് ഒക്ടോബർ14ന് തിരുവനന്തപുരത്തെ ഏജീസ് ഓഫീസിലും ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ ജില്ലകളിലുള്ളവർക്ക് ഒക്ടോബർ 21ന് എറണാകുളം കലൂരിലെ ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിലും കോഴിക്കോട്,പാലക്കാട്,മലപ്പുറം,കണ്ണൂർ,വയനാട്,കാസർകോട് ജില്ലകളിലുള്ളവർക്ക് ഒക്ടോബർ27ന് കോഴിക്കോട്,ജവഹർ നഗറിലുള്ള അക്കൗണ്ടന്റ് ജനറൽ ഓഫീസിലുമാണ് അദാലത്ത്.
അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളുടെ മാതൃക https://cag.gov.in/ae/kerala/enൽ. പെൻഷൻ,കുടുംബപെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ pensionadalat.ker.ae@cag.gov.in ലും ജി.പി.എഫുമായി ബന്ധപ്പെട്ടപരാതികൾ gpfadalat.ker.ae@cag.gov.in ലുമാണ് അയയ്ക്കേണ്ടത്. അക്കൗണ്ടന്റ് ജനറൽ (എ&ഇ),കേരള,എം.ജി റോഡ്,തിരുവനന്തപുരം –695001 വിലാസത്തിലും അയയ്ക്കാം.കവറിന് പുറത്ത് 'പെൻഷൻ/ജി.പി.എഫ് അദാലത്തിനുവേണ്ടിയുള്ള അപേക്ഷ' എന്ന് എഴുതിയിരിക്കണം. അദാലത്തിന് രണ്ടാഴ്ച മുമ്പെങ്കിലും പരാതികൾ കിട്ടിയിരിക്കണം.കോടതിയുടെ പരിഗണനയിലുള്ള കേസുകൾ,തീരുമാനങ്ങൾ,കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പുതിയ കേസുകൾ എന്നിവ പരിഗണിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |