തിരുവനന്തപുരം : അയ്യപ്പ സംഗമത്തിന്റെ യഥാർത്ഥ ലക്ഷ്യം വികസനമല്ല, വാണിജ്യ താല്പര്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം കുറ്റപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചാണ് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ ഭക്ത സംഗമം നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ദേവസ്വം ബോർഡല്ല സർക്കാരാണ് ഇതിന് മുൻകൈയെടുക്കുന്നതെന്നാണ് മന്ത്രിമാരുടെയും മറ്റും പ്രസ്താവനകൾ തെളിയിക്കുന്നത്.
കോടതി ചോദിച്ചപ്പോൾ മാത്രമാണ് ശബരിമല വികസനമാണ് ലക്ഷ്യമെന്ന് പറയുന്നത്. ശബരിമല വികസനത്തിന് വർഷങ്ങളായി ഒരു മാസ്റ്റർ പ്ലാൻ നിലവിലുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ ഫലപ്രദമായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ വികസനത്തെക്കുറിച്ച് പറയുന്നത്. ഇതിൽ ആത്മാർത്ഥതയുണ്ടെന്ന് കരുതാനാവില്ല. സർക്കാരിന്റെ മറ്റു പല പരിപാടികളും പോലെ പണം പിരിക്കുകയെന്ന ലക്ഷ്യം മാത്രമാണ് അയ്യപ്പ സംഗമത്തിനു പിന്നിലുള്ളതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഹിന്ദുക്കൾ അവരുടെ ആരാധന സ്വാതന്ത്ര്യവും ക്ഷേത്രങ്ങളെയും സംരക്ഷിക്കാനും അവയുടെ പവിത്രത നിലനിർത്താനും ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സന്ദർഭമാണിത്. അമിതമായ രാഷ്ട്രീയവൽക്കരണത്തിലൂടെ തൽപരകക്ഷികളുടെ വാണിജ്യ താൽപര്യം സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്ന സർക്കാർ നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന കാര്യാദ്ധ്യക്ഷ ഡോ.എസ് ഉമാദേവി അധ്യക്ഷത വഹിച്ചു.ഡയറക്ടർ ആർ.സഞ്ജയൻ ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സുധിർബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പ്രജ്ഞ പ്രവാഹ് ഉത്തരക്ഷേത്ര സംയോജക് ചന്ദ്രകാന്ത്,ആർ.രാജീവ്,ജെ.മഹാദേവൻ,രാമൻ കീഴന,രാജൻപിള്ള എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |