പുൽപ്പള്ളി: കോൺഗ്രസ് നേതാവും മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തതിന് പിന്നാലെ, രാഷ്ട്രീയ വിവാദങ്ങളും ശക്തമായി. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ജോസ് നെല്ലേടം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണിത്.
പെരിക്കല്ലൂരിലെ വാർഡ് കോൺഗ്രസ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങളെ തുടർന്ന് ജോസ് നെല്ലേടമുൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന.പുറത്തു വന്ന ദൃശ്യങ്ങളിൽ, തന്റെ നിരപരാധിത്വം ജോസ് നെല്ലേടം വ്യക്തമാക്കുന്നുണ്ട്. പെരിക്കല്ലൂരിൽ മദ്യവും തോട്ടയും പിടിച്ച സംഭവത്തിൽ തെറ്റായ വിവരം ലഭിച്ചു. ഇത് മുൻകാലങ്ങളിൽ ചെയ്തതു പോലെ പൊലീസിനെ അറിയിക്കുകയാണ് ചെയ്തതെന്നാണ് ജോസ് വ്യക്തമാക്കിയത്. ഒരാളിൽ നിന്നും അനർഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും മക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് ജോസ് നെല്ലേടത്തിനെ വീടിന് സമീപത്തെ കുളത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജോസ് നെല്ലേടത്തിന്റെ മരണം വയനാട് കോൺഗ്രസിൽ സമീപകാലത്തുണ്ടായ ദുരൂഹ
മരണങ്ങളുടെ തുടർച്ചയാണെന്നാണ് സി.പി.എമ്മും സി.പി.ഐയും ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ അഞ്ചിലേറെ കോൺഗ്രസ് പ്രവർത്തകരാണ് വിവിധ കാരണങ്ങളാൽ വയനാട്ടിൽ ജീവനൊടുക്കിയത്. വിഭാഗീയതയും സഹകരണ ബാങ്ക് തട്ടിപ്പുകളും മരണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് സി.പി.എം ഉയർത്തുന്ന ആരോപണം.
ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ്
പുറത്തുവിടാതെ പൊലീസ്
പുൽപ്പളളി: ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിടാതെ പൊലീസ്. വീട്ടിനുള്ളിൽ നിന്ന് പൊലീസിന് ചില കുറിപ്പുകൾ ലഭിച്ചിരുന്നു. തെളിവുകളില്ലാത്ത കേസിൽ കോൺഗ്രസിലെ ഒരു പ്രാദേശിക നേതാവ് ഉൾപ്പെടെയുളളവർ തന്നെ കുടുക്കിയതെന്നാണ് കത്തിൽ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെയുള്ള കുപ്രചാരണങ്ങൾ താങ്ങാവുന്നതിൽ അപ്പുറമാണെന്ന് കത്തിന്റെ ഉള്ളടക്കത്തിൽ
പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |