തിരുവനന്തപുരം: കേരളത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ നിരവധി സ്ഥലങ്ങളാണ് സന്ദര്‍ശനത്തിനായി ഉള്ളത്. അങ്ങനെ ഒരുപാട് സ്ഥലങ്ങളുണ്ടെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് മൂന്നാര്‍. ഇപ്പോഴിതാ ഏഷ്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ സ്വന്തം മൂന്നാര്‍. ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് മൂന്നാര്‍ ഇടംപിടിച്ചത്.
മനോഹരമായ തേയിലതോട്ടങ്ങളും മഞ്ഞ് മൂടിക്കിടക്കുന്ന പച്ചപ്പുമാണ് മൂന്നാറിനെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒപ്പം ലോകത്തിന്റെ പല കോണുകളില്‍ നിന്നും എത്തുന്നവര്‍ക്ക് കേരളമെന്നാല്‍ മൂന്നാര്‍ ആണ്. അതിന് ശേഷം മാത്രമേ ആലപ്പുഴയിലെ ജലാശയങ്ങളും മറ്റും അവരുടെ മനസ്സിലേക്ക് ഓടിയെത്തുകയുള്ളൂ. കേരളത്തിലുള്ളവരുടെ പോലും ഒരു വിനോദയാത്രയെന്നാല്‍ ആദ്യം ചിന്തിക്കുന്ന സ്ഥലം മൂന്നാര്‍ ആണ്.
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് 'ആറുകള്‍' ചേരുന്ന സ്ഥലം എന്ന വിശേഷണത്തില്‍ നിന്നാണ് മൂന്നാര്‍ എന്ന പേരുണ്ടായത്. പള്ളിവാസല്‍, ദേവികുളം, മളയൂര്‍, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകള്‍ക്കു നടുവിലാണ് മൂന്നാര്‍. എന്തായാലും കേരള സര്‍ക്കാര്‍ ടൂറിസത്തിന് മുന്തിയ പരിഗണന നല്‍കുമ്പോള്‍ മൂന്നാറിന്റെ പുതിയ നേട്ടം കൂടുതല്‍ ഉപയോഗപ്പെടുത്തുകയും ഒപ്പം തന്നെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |