അടൂർ: ടൂറിസം വികസനത്തിന് അനന്തസാദ്ധ്യതകൾ ഉണ്ടായിട്ടും രണ്ടുപതിറ്റാണ്ടായി തടസവാദങ്ങൾക്ക് മുന്നിൽ കാടുപിടിച്ചുകിടന്ന നെടുംകുന്ന് മലയുടെ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ നെടുംകുന്നു മല കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതിക്ക് തുടക്കമാകുന്നതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പദ്ധതിയുടെ നിർവഹണ ചുമതല ഏറ്റെടുത്തിട്ടുള്ള ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ സിവിൽ എൻജിനീയറിംഗ് ടീമിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ പദ്ധതി സ്ഥലം സന്ദർശിച്ചു. മൂന്നരക്കോടിയുടെ സമഗ്ര ടൂറിസം പദ്ധതിയായി 2023 - 24 ബഡ്ജറ്റിൽ ഇടംതേടിയെങ്കിലും ആദ്യഘട്ടമായി 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാകും നടപ്പാക്കുക. നെടുംകുന്നുമല വ്യൂ പോയിന്റിലേക്ക് എത്തിച്ചേരാൻ 3 മീറ്റർ വീതിയിലുള്ള 300 മീറ്റർ വഴി, വഴിയുടെ വശം ചേർന്ന് ഹാൻഡ് റെയിൽ സംവിധാനം, സീറ്റിംഗ് സംവിധാനങ്ങൾ, ടോയ്ലറ്റ്, വേസ്റ്റ് ഡിസ്പോസൽ മാനേജ്മെന്റ് ക്രമീകരണങ്ങൾ, വിശാലമായ ചിൽഡ്രൻസ് പാർക്ക്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഡിമെ ബാഗ് സൊല്യൂഷൻ ലിമിറ്റഡ് കമ്പനിക്കാണ് പദ്ധതിയുടെ നിർവഹണ കരാർ ലഭിച്ചത്.
സാഹസിക ടൂറിസം
അടൂർ ടൗണിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള നെടുകുന്നുമല ശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് സാഹസിക ടൂറിസത്തിനടക്കം അനുയോജ്യമാണ്. പാണ്ഡവൻ കുന്നെന്ന് മറ്റൊരുപേരും ഈ പ്രദേശത്തിനുണ്ട്. ടൈറ്റാനിയം, അറബിക്കടൽ, ശാസ്താംകോട്ട കായൽ എന്നിവയൊക്കെ ഈ മലയുടെ മുകളിൽ നിന്നാൽ കാണാൻ കഴിയും.
ടൂറിസം പദ്ധതിയിൽ:
12 മീറ്റർ വീതം ഉയരമുള്ള രണ്ട് വാച്ച് ടവറുകൾ, കുട്ടികൾക്കുള്ള അഡ്വഞ്ചറസ് അമ്യൂസ്മെന്റ് പാർക്ക്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, സ്നാക്ക് ബാർ, ലാൻഡ് സ്കേപ്പിംഗ്, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെട്ടുള്ള ശില്പ ചിത്രീകരണങ്ങൾ.
3.19 കോടിയുടെ പദ്ധതി, ആദ്യഘട്ടത്തിൽ ചെലവിടുന്നത് : 50 ലക്ഷം
പദ്ധതിക്കായി 2017 ൽ ജില്ലാ ടൂറിസം പ്രൊമോഷൻ
കൗൺസിലിന് 3.19 കോടി രൂപ അനുവദിച്ചിരുന്നു.
പ്രാഥമിക പദ്ധതികൾ പൂർത്തീകരിച്ച് സമയബന്ധിതമായി സമഗ്ര ടൂറിസം പദ്ധതി നടപ്പിലാക്കും. പദ്ധതി പൂർണമാകുമ്പോൾ സംസ്ഥാനത്തെ ശ്രദ്ധേയമായ ഒരു ടൂറിസം കേന്ദ്രമായി നെടുംകുന്നുമല മാറും.
ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |