മുണ്ടക്കയം: രാജസ്ഥാനിൽ നടന്ന സ്പെഷൽ ഒളിമ്പിക്സ് യൂനിഫൈഡ് ദേശീയ ഹാൻഡ്ബോൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടിയ കേരള ടീമംഗം മുണ്ടക്കയം ഏന്തയാർ സ്വദേശി അഭിജിത്ത് സന്തോഷ് നാടിന്റെ അഭിമാനമായി. ഭിന്നശേഷിക്കാരായ കായികതാരങ്ങൾ കളിക്കുന്ന സ്പെഷൽ ഒളിമ്പിക്സ് മത്സരത്തിൽ ഭിന്നശേഷിയില്ലാത്ത കായിക താരങ്ങളുടെ പിന്തുണ ഉണ്ടാകും. ഇത്തരത്തിൽ കേരള ടീമിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു അഭിജിത്ത്.
ഏന്തയാർ ലക്ഷ്മി നിവാസിൽ സന്തോഷ്-ഇന്ദു ദമ്പതികളുടെ മകനാണ് 18കാരനായ അഭിജിത്ത്. മണർകാട് സെന്റ് മേരീസ് കോളജിലെ ബി.കോം ഒന്നാം വർഷ വിദ്യാർഥിയാണ്. ജെ.ജെ. മർഫി മെമ്മോറിയൽ സ്കൂളിലെ പഠനത്തോടൊപ്പം തുടങ്ങിയതാണ് ഹാൻഡ്ബോൾ കളിയിലെ കമ്പം. സ്കൂൾതലത്തിൽ സംസ്ഥാന ദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജെ.ജെ മർഫിയിലെ കായികാദ്ധ്യാപകൻ അലന്റെ കീഴിലാണ് അഭിജിത്തിന്റെ പരിശീലനം. കുറഞ്ഞ കാലംകൊണ്ട് ഇത്രയധികം നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചത് സന്തോഷം നൽകുന്നുവെന്ന് അഭിജിത്തിന്റെ പിതാവ് സന്തോഷ് പറഞ്ഞു.
ഫുട്ബോളിലായിരുന്നു കമ്പമെങ്കിലും പിന്നീട് ഹാൻഡ്ബോളിലേക്ക് തിരിയുകയായിരുന്നു. ദേശീയ മത്സരത്തിൽ കളിക്കുക എന്നതാണ് അഭിജിത്തിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |