തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) അഞ്ചാം സീസണിന്റെ മൈക്രോസൈറ്റും പ്രൊമോഷണൽ വീഡിയോയും മന്ത്രി പി. എ.മുഹമ്മദ് റിയാസ് പുറത്തിറക്കി. ആലപ്പുഴ കൈനകരിയിൽ 19നാണ് ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് ആരംഭിക്കുന്നത്.
മൂന്നുമാസം നീളുന്ന 14 മത്സരങ്ങളുള്ള സി.ബി.എൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും. വിജയികൾക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും.കേരളത്തിന്റെ പാരമ്പര്യ സാംസ്‌കാരിക, കായിക വിനോദമായ വള്ളംകളിയുടെ അഭിനിവേശവും പൈതൃകവും ആഘോഷിക്കുന്ന ഒന്നാണ് ചാമ്പ്യൻസ് ബോട്ട് ലീഗെന്ന് മന്ത്രി പറഞ്ഞു.
കോട്ടയം താഴത്തങ്ങാടി, എറണാകുളത്ത് പിറവം, മറൈൻ ഡ്രൈവ്, തൃശ്ശൂർ കോട്ടപ്പുറം, ആലപ്പുഴയിൽ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലത്ത് കല്ലട, കാസർകോട്ട് ചെറുവത്തൂർ, കണ്ണൂരിൽ ധർമ്മടം, കോഴിക്കോട്ട് ബേപ്പൂർ എന്നിവിടങ്ങളിലും മത്സരങ്ങൾ നടത്തും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |