കോഴിക്കോട്: ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടലെന്നോണം 100 കോടി അനുവദിച്ചെങ്കിലും മെഡി.കോളേജിൽ പ്രതിസന്ധി തുടരും. അനുവദിച്ച തുക പര്യാപ്തമല്ലെന്നും നൽകാനുള്ള തുകയുടെ പകുതിയെങ്കിലും ലഭിച്ചാൽ മാത്രമേ വിതരണം പുനസ്ഥാപിക്കൂവെന്നും വിതരണക്കാർ അറിയിച്ചതോടെ വരും ദിവസങ്ങളിലും ഹൃദയ ശസ്ത്രക്രിയകൾ വെട്ടിച്ചുരുക്കും.
ഹൃദയചികിത്സയ്ക്കുള്ള സ്റ്റെൻറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്ത വകയിൽ മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷന് മാത്രം 42 കോടിയാണ് കുടിശ്ശികയുള്ളത്. മറ്റുള്ള വിതരണക്കാർക്കും കോടികളാണ് കുടിശ്ശിക. എല്ലാവർക്കും കൊടുക്കാനുള്ള തുക പോരെന്നാണ് വിതരണക്കാരുടെ സംഘടനകൾ പറയുന്നത്.
നിലവിൽ സ്റ്റോക്കുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് മെഡി.കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ നടക്കുന്നത്. ഒരു ദിവസം 15 മുതൽ 20 വരെ ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചിൽ താഴെ മാത്രം. പ്രതിസന്ധി രൂക്ഷമാകുമ്പോഴും കുടിശ്ശിക നൽകി പ്രശ്നം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് വിതരണക്കാർ പറയുന്നത്. ഹൃദയശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നടക്കം ഉപകരണങ്ങൾ എത്തിച്ചെങ്കിലും പരിഹാരമായില്ല. ഏതാനും ദിവസത്തേക്കുള്ള സ്‌റ്റെന്റ് അനുബന്ധ ഉപകരണങ്ങൾ മാത്രമാണ് മെഡി. കോളജ് ആശുപത്രിയിൽ സ്റ്റോക്കുള്ളത്. ഇവ തീർന്നാൽ ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി അടക്കം മുടങ്ങും.
''കാർഡിയോളി വിഭാഗത്തിന് മാത്രമായി 100 കോടി അനുവദിച്ച് കുടിശ്ശിക ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഇപ്പോൾ അനുവദിച്ച തുക പര്യാപ്തമല്ല. മാർച്ച് 31 വരെയുള്ള 28 കോടി കുടിശ്ശികയെങ്കിലും തരാതെ വിതരണംചെയ്യാൻ സാധിക്കില്ല''-
സംഗീത്, സെക്രട്ടറി, മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |