കൊച്ചി: രാജ്യം കണ്ട ഏറ്റവും വലിയ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളിൽ ഒന്നായ 'ക്യാപിറ്റലിക്സ്" കേസിൽ അറസ്റ്റിലായ കൊല്ലം സ്വദേശി ജി. സുജിതയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആദ്യ അറസ്റ്റാണിത്. ചൊവ്വാഴ്ചയാണ് പിടിയിലായത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും.
തട്ടിയെടുത്ത പണത്തിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ സുജിതയുടെ പാലാരിവട്ടത്തെ ബാങ്ക് അക്കൗണ്ടിൽ എത്തിയെന്നും തുടർന്ന് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിന് സുജിത കമ്മിഷൻ പറ്റിയിരുന്നു.
കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയുടെ 25 കോടിയാണ് നഷ്ടമായത്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കാലിഫോർണിയ ആസ്ഥാനമായ ക്യാപ്പിറ്റലിക്‌സ് ട്രേഡിംഗ് കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഇയാളെ കുടുക്കിയ മലയാളിയായ ഡാനിയേലിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സുജിതയിൽ എത്തിയത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. മറ്റ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 2023 മാർച്ച് മുതൽ 2025 വരെ മൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളിലാണ് പരാതിക്കാരന് വൻ തുക നഷ്ടമായത്. കൊച്ചി സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
കേന്ദ്രം സൈപ്രസ്
തട്ടിയെടുത്ത പണം ഇന്ത്യയിൽത്തന്നെയുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമറിഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഒന്നരക്കോടി രൂപ ലാഭവിഹിതമായി പരാതിക്കാരന് തിരികെക്കിട്ടി. ഇതിൽ വിശ്വസിച്ചാണ് 25 കോടി നിക്ഷേപിച്ചത്. തട്ടിപ്പിന്റെ ആസൂത്രണം യൂറോപ്യൻ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |