ഐ.ടി മേഖലയിൽ കാലങ്ങളായി നിലനിന്ന പല അഭ്യൂഹങ്ങളും യാഥാർത്ഥ്യമായ വർഷമാണ് 2025. നിർമ്മിതബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവ് രാജ്യത്ത് തൊഴിൽപ്രതിസന്ധിക്ക് കാരണമാകുമെന്ന് സാങ്കേതികവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ട് നാളുകളേറെയായി. എന്നാൽ യഥാർത്ഥ വില്ലൻ നിർമ്മിതബുദ്ധി മാത്രമാണോ? മറ്റൊരു തൊഴിൽ സങ്കേതം കണ്ടെത്താൻ യുവത ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ? പ്ലാൻ ബി ആയി ഉടനടി ചെയ്യേണ്ടത് എന്തെല്ലാം? ഒരു അന്വേഷണം...
-------------------------------------------------
രണ്ടുമാസം മുമ്പാണ് ഒരുവർഷത്തിനുള്ളിൽ രണ്ടുശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഐ.ടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) രംഗത്തെത്തിയത്. ഇതോടെ അഭ്യൂഹങ്ങളും മുന്നറിയിപ്പുകളും നിസാരമായി തള്ളിക്കളയേണ്ടവയല്ലെന്ന് ഐ.ടി ലോകം തിരിച്ചറിഞ്ഞു. ടി.സി.എസ് ഈ തീരുമാനം നടപ്പാക്കിയാൽ മിഡിൽ, സീനിയർ തലങ്ങളിലുള്ള 12,000ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും. തിരുവനന്തപുരം ടെക്നോപാർക്ക്, കാക്കനാട് ഇൻഫോപാർക്ക് എന്നിവിടങ്ങളിലുൾപ്പെടെ ടി.സി.എസ് പ്രവർത്തിക്കുന്നുണ്ട്.
നിർമ്മിതബുദ്ധിയുടെ ഉപയോഗം ഉത്പാദനക്ഷമതയിൽ 20 ശതമാനം വർദ്ധനവ് ഉണ്ടാക്കിയെന്നും വൈദഗ്ദ്ധ്യത്തിലുള്ള പൊരുത്തക്കേട് കണക്കിലെടുത്താണ് കൂട്ടപ്പിരിച്ചുവിടലെന്നുമാണ് കമ്പനിയുടെ വിശദീകരണം. പ്രവർത്തനരീതിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഭാഗമായാണിത്. 4- 8 ശതമാനത്തിനിടയിലെ ശമ്പള വർദ്ധനവാണ് ഈവർഷം കമ്പനി നടപ്പിലാക്കുന്നത്. കഴിഞ്ഞ നാലുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വർദ്ധനവാണിത്.
ഒറാക്കിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ തുടങ്ങിയ കമ്പനികളും ഈവർഷം പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികമേഖലയിൽ വലിയ നേട്ടം കൈവരിച്ചെങ്കിലും ദീർഘകാല പദ്ധതികളുടെ ഭാഗമായി പുനർവിന്യാസം വേണമെന്ന നിലപാടിലാണ് മൈക്രോസോഫ്റ്റ്. മലയാളികളടക്കം ഇവർക്ക് ജീവനക്കാരായുണ്ട്. ആഗോളതലത്തിൽ 15,000ലേറെ ജീവനക്കാർക്കാണ് കമ്പനിയിൽ ഇതുവരെ ജോലി നഷ്ടമായത്.
പ്രവർത്തനക്ഷമത മെച്ചപ്പെടുത്താൻ 24,000 പേരെ പറഞ്ഞുവിടാൻ ഇന്റലും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ശരാശരി നൈപുണ്യമുള്ളവർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടും. ശരാശരിയിൽ താഴെയുള്ളവർ തുടച്ചുനീക്കപ്പെടും. വിദേശ ആഭ്യന്തര മേഖലയിൽ ആവശ്യമാകുന്ന സാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യമുള്ളവരെ മാത്രം നിലനിറുത്തും. വിഷയത്തിൽ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനകളുടെ പ്രതിഷേധം ഉയർന്നെങ്കിലും പിരിച്ചുവിടുന്ന ജീവനക്കാർക്ക് സമഗ്ര പാക്കേജും നഷ്ടപരിഹാരവും നൽകി തൃപ്തിപ്പെടുത്താനാണ് കമ്പനികളുടെ തീരുമാനം. സേവനങ്ങൾക്ക് തടസം വരാത്ത തരത്തിലാവും ഇത് നടപ്പിലാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |