ദുബായ്: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യക്കാർ ഏറ്റവുമധികം കുടിയേറിപ്പാർക്കുന്ന രാജ്യമാണ് യുഎഇ. ഉയർന്ന ശമ്പളം, സുരക്ഷ, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ എന്നിവയെല്ലാമാണ് ഇന്ത്യക്കാരെ അവിടേക്ക് ആകർഷിക്കുന്നത്. ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുടെ ആഗോള കേന്ദ്രമെന്ന പ്രത്യേകത ദുബായിക്കുണ്ട്. അതിനാൽത്തന്നെ ദുബായിലേക്കാണ് ഇന്ത്യക്കാർ ഭൂരിഭാഗവും എത്തുന്നത്. പ്രൊഫഷണലുകൾക്ക് മാത്രമല്ല, കുടുംബമായി എത്തുന്നവർക്കും ദുബായ് ഏറെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ ഇന്ത്യക്കാർക്ക് ദുബായിയോടുള്ള താൽപ്പര്യത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റിൽ സംസാരിച്ചിരിക്കുകയാണ് ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അബ്‌ദുൾനാസർ അൽഷാലി. ഇന്ത്യക്കാർ ദുബായിലേക്ക് കുടിയേറുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ പല പ്രവാസികളുടെയും സംസാരം ശ്രദ്ധയിൽപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും കൊവിഡ് പടർന്നുപിടിച്ച സമയത്ത് യുഎഇ അതിനെ എങ്ങനെ കൈകാര്യം ചെയ്‌തു എന്നത് ഇതിന് വലിയൊരു ഘടകമാണ്. യാതൊരു വിവേചനവുമില്ലാതെ രാജ്യത്ത് താമസിച്ചിരുന്ന എല്ലാവർക്കും വാക്‌സിനും ചികിത്സയും മികച്ച രീതിയിൽ നൽകി. അതിനുശേഷമാണ് പല ആളുകളും അവിടേക്ക് ചേക്കേറാൻ തീരുമാനിച്ചത്. ഇത് കൂടാതെ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മികച്ച ആശുപത്രികൾ എന്നിവ ഇന്ത്യൻ കുടുംബങ്ങളെ ആകർഷിക്കാനുള്ള കാരണമായി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിൽ ഉടനടിയാണ് എല്ലാ സേവനങ്ങളും ലഭിക്കുക. ആളുകൾക്ക് ദുബായ് അല്ലെങ്കിൽ യുഎഇ എല്ലാംകൊണ്ടും ഒരു സുരക്ഷിത സ്ഥലമായി മാറി. ഈ സ്ഥിരതയും ജീവിതനിലവാരവും അനുഭവിച്ചുകഴിഞ്ഞാൽ അവർക്ക് മറ്റെവിടേക്കെങ്കിലും പോകാൻ താൽപ്പര്യമില്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |