നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തുടർച്ചയായ മണ്ണിടിച്ചിൽ നേരിടാൻ ഫലപ്രദമായ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ജനകീയ യോഗം വിളിക്കാനുള്ള പഞ്ചായത്ത് തീരുമാനം ഒരു മാസം പിന്നിട്ടിട്ടും നടപ്പായില്ല. ഇതിനിടെ ആഗസ്ത് 28ന് മസ്ജിദ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടും നടപടികൾ ഇഴയുന്നത് ജനങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മസ്ജിദ് റോഡിലും ആനക്കുളം ഭാഗത്തും കോളനിയിലുമാണ് തുടർച്ചയായി മണ്ണിടിയുന്നത്. ഒന്നര മാസം മുമ്പ് ആനക്കുളം പൊക്കഭാഗത്ത് മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി കുടുംബങ്ങൾക്ക് മാറി താമസിക്കേണ്ടിവന്നു. തുടർന്ന് കുന്നുകര പഞ്ചായത്ത് ഭരണസമിതി സർവകക്ഷിയോഗം വിളിച്ച് കളക്ടർക്ക് നിവേദനവും നൽകി. ഇതേത്തുടർന്നാണ് ശാശ്വത പരിഹാരത്തിനായി കളക്ടറുടെ നേതൃത്വത്തിൽ ജനകീയയോഗം വിളിക്കാൻ തീരുമാനിച്ചത്.
വീടുകൾ അപകടാവസ്ഥയിൽ
10 മീറ്ററോളം നീളത്തിലും 10 അടിയോളം ഉയരവുമുള്ള റോഡിന്റെ കരിങ്കൽ ഭിത്തി പൂർണമായും ഇടിഞ്ഞതോടെ സമീപത്തെ വീടുകൾ അപകടാവസ്ഥയിലാണ്. ബാക്കിയുള്ള ഭാഗവും ഏത് നിമിഷവും ഇടിയാവുന്ന അവസ്ഥയിലാണ്. നിലവിൽ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തിക്ക് 30 വർഷത്തോളം പഴക്കമുണ്ട്. ഇനിയും ഭിത്തി ഇടിഞ്ഞാൽ ഇലക്ട്രിക്‌പോസ്റ്റുകൾ അടക്കം താഴേയ്ക്ക് പതിക്കും. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണിത്.
ശാശ്വത പരിഹാരം വേണം
നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തെ മണ്ണിടിച്ചിൽ തടയാൻ ശാശ്വതമായ പരിഹാരം കാണണമെന്നാണ് ആവശ്യം. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതല്ലാതെ നടപടിയൊന്നുമുണ്ടായില്ല.
ജൂലായ് 17ന് കുന്നുകര കോളനി റോഡിന് പടിഞ്ഞാറ് വശത്തെ മസ്ജിദ് റോഡിനോട് ചേർന്ന് നിൽക്കുന്ന ഭാഗം 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞിരുന്നു. ഇവിടെ കുഴൽ കിണറിനായി പഞ്ചായത്ത് നിർമ്മിച്ച ഷെഡ് ഉൾപ്പെടെയാണ് താഴേയ്ക്ക് ഇടിഞ്ഞു. മണ്ണിടിച്ചിൽ ഭീഷണിയുള്ള ഭാഗത്ത് നിരവധി കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്.
വിനയായത് കാൽനൂറ്റാണ്ട്
മുമ്പത്തെ മണ്ണെടുപ്പ്
2000ൽ നിയമങ്ങൾ കാറ്റിൽപ്പറത്തി ഇവിടെ നിന്ന് ഭൂമാഫിയ വൻതോതിൽ മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണം. 40 അടി താഴ്ചയിൽ വരെ മണ്ണെടുത്തു. ഉയർന്ന ഭാഗം രണ്ട് തട്ടുകളായി മണ്ണ് മാറ്റി കെട്ടിത്തിരിച്ച് മണ്ണിടിച്ചിലിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |