നിലവിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് 7പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൽ
വൈത്തിരി: നഗര മധ്യത്തിൽ തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കാടുമൂടി നശിച്ചിട്ടും പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടം നിർമിക്കുന്നില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നതിനായി തപാൽ വകുപ്പ് വാങ്ങിയ ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ദേശീയപായോട് ചേർന്ന് 20 സെന്റ് ഭൂമിയാണ് ഉപയോഗിക്കാതെ കിടക്കുന്നത്. കാലപ്പഴക്കം ചെന്ന പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് പൊഴുതന ജംഗ്ഷന് സമീപം ഭൂമി കണ്ടെത്തിയത്. എന്നാൽ ഏഴ് പതിറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോഴും പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. സബ് ജയിലിന് സമീപം ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം. വൈത്തിരി ടൗണിൽ നിന്നും ഏതാണ്ട് 600 മീറ്റർ ദൂരെയാണ് പോസ്റ്റ് ഓഫീസ് ഉള്ളത്. അതിനാൽ തന്നെ ആളുകൾക്ക് പോസ്റ്റ് ഓഫീസിലേക്ക് എത്തിപ്പെടാൻ ഏറെ പ്രയാസമാണ്. നഗര മധ്യത്തിൽ തന്നെ സ്വന്തമായി സ്ഥലമുണ്ടായിട്ടും ഉപയോഗപ്പെടുത്താൻ നടപടിയില്ല. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തപാൽ വകുപ്പിന് ഉൾപ്പെടെ നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. തപാൽ വകുപ്പ് ഉപയോഗിക്കുന്നില്ലെങ്കിൽ പൊതു ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കണമെന്ന് ആവശ്യവും ശക്തമാണ്. വൈത്തിരിയിൽ 2017ൽ ബസ്റ്റാൻഡിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം ഉൾപ്പെടെ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയിരുന്നു. ഇതിനുശേഷം വൈത്തിരിയിൽ ബസ്റ്റാൻഡ് നിലവിലില്ല. റോഡ് അരികിലാണ് ബസുകൾ നിർത്തിയിടുന്നത്. ബസ്റ്റാൻഡിന്റെ ആവശ്യത്തിനു ഉൾപ്പെടെ ഇത്തരം ഭൂമി ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |