ആധുനികലോകത്തെ മിക്ക സംവിധാനങ്ങളും പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നത് ഇന്ന് പരക്കെ അറിവുള്ളതാണ്. പരിസ്ഥിതിയെ സ്വാധീനിക്കാതെ ഒരു പ്രവർത്തനവും ചെയ്യുവാൻ സാദ്ധ്യമല്ല എന്നത് ഒരു വസ്തുതയായി നിലകൊള്ളുമ്പോഴും ഏത് പരിധിവരെ നമുക്ക് പരിസ്ഥിതിയെ ആഘാതം ഏൽപ്പിക്കാം എന്നത് മിക്ക രാജ്യങ്ങളിലും ഇന്ന് അളന്ന് പരിശോധിക്കുന്ന നിലയിൽ എത്തിയിരിക്കുന്നു. വൻ വ്യവസായ സംരംഭങ്ങൾ പ്രവർത്തിക്കുമ്പോൾ അവകാരണം പുറന്തള്ളപ്പെടുന്ന
Green House Gases(GHG) പരിധിക്ക് പുറത്തായാൽ പിഴ ചുമത്തുന്ന പരമ്പരാഗത രീതിയിൽ നിന്ന് വ്യതിചലിച്ച്, അക്കാര്യത്തിൽ പരിധിക്ക് കീഴേയ്ക്ക് എത്തുന്ന നേട്ടങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് കാർബൺ ക്രെഡിറ്റ്.
100 ടൺ ജി.എച്ച്.ജി പരിധിയുള്ള വ്യവസായം സോളാർ വിൻഡ് ഊർജ്ജസമ്പ്രദായങ്ങൾ ഉപയോഗിക്കുക വഴി 60 ടൺ ആയി അതിന്റെ ജി. എച്ച്.ജി കുറച്ചാൽ 40 കാർബൺ ക്രെഡിറ്റുകൾ നേടിയതായി കണക്കാക്കും. ഈ വ്യവസായ സംരംഭം കൂടുതൽ വികസിക്കുമ്പോൾ അവയുടെ ജി.എച്ച്.ജി വർദ്ധിച്ചു 120 ആയാൽ നേരത്തെ ശേഖരിച്ച കാർബൺ കൈവശമുള്ളത് കൊണ്ട് അതിലെ 20 ക്രെഡിറ്റ് ഉപയോഗിച്ച് വർദ്ധിച്ച 20 യൂണിറ്റിന് പിഴയില്ലാതെയാക്കാം.പിഴ നേരിടുന്ന മറ്റൊരു കമ്പനിക്ക് കാർബൺ ക്രെഡിറ്റ് വിൽക്കുകയും ആകാം. അതായത് പരിസ്ഥിതി ആഘാതം പരിധി വിടുന്നതിന് പിഴചുമത്തുന്നതിനൊപ്പം പരിസ്ഥിതി ആഘാതം നിയന്ത്രിക്കുന്ന പ്രവർത്തനത്തിന് അംഗീകാരവും ക്രയവിക്രയവും സാദ്ധ്യമാക്കുന്ന ഒരു സമ്പ്രദായമാണിത്.കാർബൺ ക്രെഡിറ്റുകൾ അംഗീകരിക്കുന്നതിനായി അന്താരാഷ്ട്ര രജിസ്റ്ററുകൾ നിലവിലുണ്ട് എന്നാൽ അവ ക്രയവിക്രയം ചെയ്യുന്ന പ്രവർത്തി,സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിൽ അധിഷ്ഠിതമാണ് .
പരിസ്ഥിതി ആഘാതം ഇല്ലാത്ത സോളാർ പാനലുകൾ, കാറ്റാടികൾ,സാഗര ഊർജ്ജം, ന്യൂക്ലിയർ ഊർജ്ജം എന്നിവ ഉപയോഗിക്കുന്നത് വഴിയും വാഹനങ്ങൾ ഇലക്ട്രിക് ആക്കുന്നത് വഴിയും ഓരോ രാജ്യത്തിനും കാർബൺ ന്യൂട്രൽ ആകുന്ന കാര്യത്തിൽ മുന്നോട്ടുപോകാനാകും. നമ്മുടെ രാജ്യം 2070 ഓടെ അത്തരമൊരു അവസ്ഥ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം ഇതിലേക്ക് ഒരു ചൂണ്ടുപലകയാണ്. സ്വന്തം വീട്ടിലെ ചവർ പൊതുസ്ഥലത്തേക്ക് വലിച്ചെറിഞ്ഞ് സ്വന്തം വീട് മാലിന്യമുക്തമാക്കിയതായി അവകാശപ്പെടുന്നതുപോലെ വ്യവസായ മേഖലയ്ക്ക് ഇനി പ്രവർത്തിക്കാൻ ആകില്ല.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി ക്ളീൻചിറ്റ് നൽകിയപ്പോൾ കാർബൺ ക്രെഡിറ്റ് ലംഘനം എന്ന ആരോപണവും തള്ളിയിരുന്നു.
(പ്രമുഖ ശാസ്ത്ര ഗവേഷകനും ശാസ്ത്രവേദി പ്രസിഡന്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |