ആദ്യം മൂന്നു സംസ്ഥാന അംഗീകാരങ്ങൾ. ഇപ്പോൾ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം. സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് 'ഉള്ളൊഴുക്ക് " ഇരട്ടി മധുരം സമ്മാനിക്കുന്നു. 'കാമുകി", 'കന്യക" എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ദേശീയ അവാർഡ് നേടിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ സിനിമയാണ് 'ഉള്ളൊഴുക്ക് ". സംസ്ഥാന സർക്കാർ അടുത്തിടെ സംഘടിപ്പിച്ച സിനിമ കോൺക്ലേവിലും 'ഉള്ളൊഴുക്ക് "ചർച്ച ചെയ്യപ്പെട്ടു. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ പ്രശസ്തരായ സംവിധായകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും ക്രിസ്റ്റോ ടോമിയുടെ വാക്കുകളിൽ വിനയം മാത്രം. നെറ്റ് ഫ്ലിക്സ് സംപ്രേഷണം ചെയ്ത അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ 'കറി ആൻഡ് സയനൈഡ് "ഡോക്യുമെന്ററിയുടെ സംവിധായകൻ കൂടിയാണ് ക്രിസ്റ്റോ .
ദേശീയ പുരസ്കാരം പ്രതീക്ഷിച്ചതാണോ ?
പ്രതീക്ഷിച്ചതല്ല. ദേശീയ അവാർഡ് പ്രഖ്യാപനം അന്നാണ് അറിഞ്ഞത്. നവാഗത സംവിധായകന്റെ പുരസ്കാരത്തിനും നോമിനേഷൻ ഉണ്ടായിരുന്നു എന്ന് അറിഞ്ഞു. എന്നാൽ അവാർഡ് ലഭിക്കാത്തതിൽ നിരാശയില്ല. അവസാന തീരുമാനം ജൂറിയുടേതാണ്.മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും പ്രതീക്ഷിച്ചില്ല. എന്നാൽഉർവശിക്ക് അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചു.ആ അംഗീകാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.
ഉള്ളൊഴുക്കിലേക്ക് എത്താൻഎങ്ങനെ സാധിച്ചു ?
2005ൽ കുട്ടനാട്ടിൽ ഒരു വെള്ളപ്പൊക്ക സമയത്താണ് അച്ചാച്ചന്റെ മരണം. അന്ന് സംസ്കാരം നടത്തുന്നതിന് വെള്ളം ഇറങ്ങാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. അപ്പോൾഉണ്ടായ അനുഭവമാണ് 'ഉള്ളൊഴുക്ക് "സിനിമയുടെ തുടക്കം. കൊൽക്കത്ത സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്ത് ആദ്യ സിനിമയായി ചെയ്യണമെന്നും ആഗ്രഹിച്ചു. പിന്നീട് ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിൽ അതു സിനിമയായി മാറി.
ഉർവശിയും പാർവതിയും എങ്ങനെ വന്നു ചേർന്നു ?
തിരക്കഥ എഴുതുന്ന സമയത്ത് ആരും മനസിലുണ്ടായിരുന്നില്ല. ചെറിയ സിനിമ എന്ന നിലയിലാണ് എഴുത്ത് തുടങ്ങിയത്. പ്രീ പ്രൊഡക്ഷൻ സമയത്താണ് ഉർവശിയുടെ പേര് വരുന്നത്. ക്യാമറമാൻ ഷഹനാദ് ജലാൽ ആണ് പേര് പറയുന്നത്. അപ്പോൾ ഉർവശി ചേച്ചി സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സമയമായിരുന്നു . 2019ൽ ഉർവശിയെ കാണുകയും സംസാരിക്കുകയും ചെയ്തു. പിന്നീട് 'ഉള്ളൊഴുക്ക് "യഥാർത്ഥ്യമാകാൻ വർഷങ്ങളെടുത്തെങ്കിലും ചേച്ചിയുമായി ബന്ധം നിലനിറുത്തി.
എന്നാൽ ആദ്യം കാണാൻ പോയത് പാർവതിയെ ആയിരുന്നു. ആദ്യം താത്പര്യമില്ലായിരുന്നു.ഒന്നു രണ്ടു വർഷത്തിനുശേഷം വീണ്ടും കാണുമ്പോൾ തിരക്കഥ വായിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. അങ്ങനെ പാർവതിയും എത്തി. ലീലാമ്മയുടെയും അഞ്ജുവിന്റെയും വേഷത്തിൽ ഇവരെയല്ലാതെ മറ്റാരെയും കാണാൻ കഴിയില്ല. ലീലാമ്മ എന്ന കഥാപാത്രം ഉർവശി എന്നറിഞ്ഞപ്പോൾ പാർവതിക്ക് സന്തോഷമായി.
സ്ത്രീപക്ഷ പ്രമേയത്തോട് ആഭിമുഖ്യം പുലർത്തുന്നുണ്ടോ ?
സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാൽ 'കറി ആൻഡ് സയനൈഡ് "സ ്ത്രീ കേന്ദ്രീകൃതമായതിനാൽ ചെയ്യാൻ തീരുമാനിച്ചതാണ്. എന്നാൽ മറ്റുള്ളവ അങ്ങനെയല്ല. തിരക്കഥ എഴുതുന്ന സമയത്ത് കഥയിൽ ആർക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യമെന്ന് നോക്കും. ഉള്ളൊഴുക്കിൽ സ്ത്രീകൾക്കാണ് ആ കഥ വെല്ലുവിളിയായി മാറുക. അഞ്ജുവിന്റെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കിൽ ഇത്രമാത്രം പ്രാധാന്യം ലഭിക്കില്ല.
സ്വന്തം രചനയിൽ ആണല്ലേ സംവിധാനം ?
ഇതുവരെ ചെയ്തതെല്ലാം സ്വന്തം തിരക്കഥയിൽ ആയിരുന്നു. നല്ല തിരക്കഥ ലഭിച്ചാൽ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്. സ്വന്തം തിരക്കഥയാകുമ്പോൾ ചിത്രീകരണത്തിന് ഒരുപാട് സമയമെടുക്കും. നല്ല തിരക്കഥ ലഭിക്കാൻ ആഗ്രഹിക്കാറുണ്ട്. കാരണം പെട്ടെന്ന് സിനിമ ചെയ്യാൻ സാധിക്കും. തിരക്കഥകൾ നോക്കുന്നുണ്ട്. മലയാളത്തിലും ഹിന്ദിയിലും രണ്ട്സിനിമകളുടെ ചർച്ചയിലാണ്. എഴുത്ത് നടക്കുന്നു. ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പുതിയ സംവിധായകരോട് എന്താണ് പറയാനുള്ളത് ?
സിനിമ ചെയ്യാനും സ്ഥിരമായി നിൽക്കാനും ഏറ്റവും പ്രയാസമേറിയ മേഖലയാണ്. ഒരുപാട് ക്ഷമയും കഠിനപ്രയ്തനവുമെല്ലാം ആവശ്യമാണ്. പലപ്പോഴും സാമ്പത്തിക ഭദ്രത ഉണ്ടാകണമെന്നില്ല. അതേസമയം കഥ പറയാൻ ഇഷ്ടം തോന്നുന്നവർക്കും സിനിമയോട് പാഷൻ ഉള്ളവർക്കും മികച്ച പ്രൊഫഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |