തിരുവനന്തപുരം: പേരൂർക്കട എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയിനി വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനിൽ എ ആനന്ദ് ജീവനൊടുക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് അമ്മയോട് സംസാരിച്ചിരുന്നതായി വിവരം. മരുന്നും ഭക്ഷണവും കൃത്യസമയത്ത് കഴിക്കണമെന്ന് പറഞ്ഞപ്പോൾ ചെയ്യാമെന്ന് ആനന്ദ് മറുപടി നൽകിയെന്ന് അമ്മ ചന്ദ്രിക പറഞ്ഞു. അമ്മ വിഷമിക്കരുതെന്നും ആനന്ദ് പറഞ്ഞു. മകനോട് സംസാരിച്ച് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചുവെന്നും ചന്ദ്രിക പറഞ്ഞു.
എത്രയും വേഗം ക്യാമ്പിലേയ്ക്ക് വരണമെന്നായിരുന്നു അറിയിച്ചത്. മൂത്ത മകൻ വീട്ടിലില്ലെന്നും ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നും പറഞ്ഞതോടെ ആനന്ദിനെ അങ്ങോട്ടേയ്ക്ക് അയയ്ക്കാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ആനന്ദ് വരുമെന്ന് കരുതി അവന്റെ കിടക്കയും ഷീറ്റുമൊക്കെ മാറ്റി. അവനിഷ്ടപ്പെട്ട ആഹാരം തയ്യാറാക്കാനും തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ചു. അവൻ വന്നോളും എന്നായിരുന്നു മറുപടി. പിന്നെ മകൻ വന്നത് അനക്കമില്ലാതെയാണെന്നും ചന്ദ്രിക പറഞ്ഞു. ആനന്ദിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നൽകുമെന്ന് സഹോദരൻ അരവിന്ദ് പറഞ്ഞു.
വ്യാഴാഴ്‌ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതിന് രണ്ടുദിവസം മുമ്പ് കൈഞരമ്പു മുറിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചികിത്സയിലായിരുന്ന ആനന്ദിനെ നോക്കാൻ ബാരക്കിൽ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പുറത്തു പോയപ്പോഴാണ് തൂങ്ങിമരണം ഉണ്ടായത്. ഗ്രൗണ്ടിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയവരാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ആനന്ദിനെ കണ്ടെത്തിയത്. ആനന്ദ് ജീവനൊടുക്കാനിടയാക്കിയത് സീനിയർ ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും ജാതിവിവേചനവും കാരണമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |