പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് വരുന്നത് തടയാനൊരുങ്ങി ബിജെപി പ്രവര്‍ത്തകര്‍. രാവിലെ നാല് മണി മുതല്‍ പാലക്കാടിന്റെ പല ഭാഗങ്ങളിലായി രാഹുലിനെ തടയാനായി ബിജെപി പ്രവർത്തകർ സജ്ജമായി നില്‍ക്കുകയാണ്. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുവേണ്ടിയും ഒരു സംഘം എത്തിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എംഎല്‍എ ഓഫീസിന് മുന്നില്‍ എത്തിയത്.
ഓഫീസിന് മുന്നിലെ മതിലില്‍ രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. 'സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട' എന്ന് തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാര്‍ഡുകളും ഇവരുടെ കയ്യിലുണ്ട്. 'വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്, എത്ര നാളായ് നമ്പര്‍ ചോദിക്കുന്നു, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാം' തുടങ്ങിയ വാചകങ്ങൾ എഴുതിയ പോസ്റ്ററുകളാണ് ഓഫീസിന് മുന്നിലെ മതിലില്‍ പതിപ്പിച്ചിട്ടുള്ളത്. കൂടാതെ ഐ പില്ലിന്റെ ഒരു ബോര്‍ഡും ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ എംഎല്‍എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും എന്ന വാര്‍ത്തകൾ നേരത്തെ വന്നിരുന്നു. എന്നാല്‍ അതിന് സാദ്ധ്യതയില്ലെന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകിട്ട് വരെ മണ്ഡലത്തിൽ തുടരാനാണ് സാദ്ധ്യത എന്നായിരുന്നു പുറത്തുവന്ന വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും മുന്നറിയിപ്പ് നൽകുന്നത്. എംഎൽഎ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |