അബുദാബി: ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദുര്‍ബലരായ ഒമാനെതിരെ ഇന്ത്യക്ക് നിറംമങ്ങിയ ജയം. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 21 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് ഒമാനെ ഓള്‍ ഔട്ടാക്കാന്‍ കഴിയാത്തത് നാണക്കേടായി. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. ഈ ഗ്രൂപ്പില്‍ നിന്ന് പാകിസ്ഥാന്‍ രണ്ടാം സ്ഥാനം നേടി സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിട്ടുണ്ട്.
ഒമാന് വേണ്ടി ആമിര്‍ കലീം 64(46), ഹമ്മദ് മിര്‍സ 51(33) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ജതീന്ദര്‍ സിംഗ് 32(33) റണ്‍സ് നേടി. ഒന്നാം വിക്കറ്റില്‍ ആമിര്‍ കലീമുമൊത്ത് 56 റണ്‍സാണ് ജതീന്ദര്‍ അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ വിനായക് ശുക്ല 1(2) റണ്‍സ് നേടി പുറത്തായി. ജിതന്‍ രാമനന്ധി 12*(5) പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി 56(45)യുടെ മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. അഭിഷേക് ശര്‍മ്മ 38(15), അക്‌സര്‍ പട്ടേല്‍ 26(13), തിലക് വര്‍മ്മ 29(18) ഹര്‍ഷിത് റാണ 13*(8) എന്നിവരും ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഒമാന് വേണ്ടി ഷാ ഫൈസല്‍, ജിതന്‍ രാമനന്ധി, ആമിര്‍ കലീം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ബി ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം. സൂപ്പര്‍ ഫോറിലെത്തിയ നാല് ടീമുകളും ഓരോ തവണ വീതം പരസ്പരം ഏറ്റുമുട്ടും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ തമ്മിലാണ് ഫൈനല്‍ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |