തിരുവനന്തപുരം: സ്മാർട്ട് വാച്ച് ഉപയോഗിച്ച് പൊലീസ് കോൺസ്റ്റബിൾ പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ പിടിയിലാകുന്നതിന് മുമ്പും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് എന്നിവ ഉപയോഗിച്ച് പി.എസ്.സി പരീക്ഷയിൽ കോപ്പിയടിച്ചതിന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ പിടിയിലായത് ഏഴുപേരാണ്.
പരീക്ഷാ ഹാളിൽ സ്‍മാർട്ട് ഫോൺ ദുരുപയോഗം ചെയ്തതിന് പത്തനംതിട്ട സ്വദേശിനിയെ ഡീബാർ ചെയ്തത് രണ്ടു വർഷത്തേക്കാണ്. 2017ലായിരുന്നു സംഭവം. ഫോൺ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതിന് കൊല്ലം സ്വദേശിയായ യുവാവിനെയും രണ്ടു വർഷത്തേക്ക് പരീക്ഷകളിൽ നിന്ന് കമ്മിഷൻ തടഞ്ഞിരുന്നു. സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചതിൽ വനിതാ ഉദ്യോഗാർത്ഥികളുമുണ്ടായിരുന്നു. വർഷങ്ങളുടെ കണക്കെടുത്താൽ പരീക്ഷയ്ക്കിടെ ക്രമക്കേട് നടത്തിയതിന് നാൽപ്പതിലധികം പേർക്കെതിരെ പി.എസ്.സി നടപടി എടുത്തിട്ടുണ്ട്. പരീക്ഷാഹാളിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിന് ഉദ്യോഗാർത്ഥികളെ ഡീബാർ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിൽ ചിലർക്ക് രണ്ടുവർഷമാണ് വിലക്കെങ്കിൽ കുറച്ചുപേരെ ആജീവനാന്തകാലത്തേക്ക് വിലക്കി.
മദ്യപിച്ച് പരീക്ഷ എഴുതാൻ വരികയും അതുചോദ്യം ചെയ്‌തപ്പോൾ പരീക്ഷാഹാളിൽ ബഹളംവയ്ക്കുകയും ചെയ്ത യുവാവിനെയും നിശ്ചിത കാലയളവിലേക്ക് ഡീബാർ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് പി.എസ്.സി വൃത്തങ്ങൾ പറഞ്ഞു. വ്യാജ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കിയ അരഡസൻ ഉദ്യോഗാർത്ഥികളെയും പി.എസ്.സി കൈയോടെ പിടികൂടി. ഒൻപതാം ക്ലാസ് യോഗ്യതയുള്ള ഒരു യുവാവ് വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനെ തുടർന്ന് അയാളെ ആജീവനാന്ത കാലത്തേക്കാണ് ഡീബാർ ചെയ്തത് .
യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ പ്രതികളായ നസീം, ശിവരഞ്ജിത് എന്നിവർ നടത്തിയ പി.എസ്.സി പരീക്ഷ ക്രമക്കേട് വലിയ കോളിളക്കമാണ് സംസ്ഥാനത്തുണ്ടാക്കിയത്. എന്നാൽ, ഇതിനുമുമ്പുതന്നെ സ്മാർട്ട് വാച്ച് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാവുമായിരുന്നെന്ന വിലയിരുത്തലുണ്ട്. എന്തായാലും പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷയ്ക്ക് കർശനമായ മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിട്ടുണ്ട്. സ്മാർട്ട് വാച്ചുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ പരീക്ഷാഹാളിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ളതാണ് പുതിയ നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |