റിവേഴ്‌സ് മൈഗ്രേഷനും നിക്ഷേപ ഒഴുക്കും ഇന്ത്യയ്ക്ക് നേട്ടമാകും
കൊച്ചി: എച്ച്.1ബി വിസയ്ക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ ഫീസ് അമേരിക്കയ്‌ക്ക് തിരിച്ചടിയും ഇന്ത്യയ്ക്ക് നേട്ടവുമാകുമെന്ന വിലയിരുത്തൽ ശക്തമാകുന്നു. അമേരിക്കൻ സാങ്കേതിക മേഖലയ്ക്ക് ആവശ്യമായ മാനവ വൈദഗ്ദ്ധ്യം ലഭിക്കുന്നതിനും ഗവേഷണ, വികസന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും വിസ നിയന്ത്രണങ്ങൾ വെല്ലുവിളിയാകുമെന്ന് വ്യവസായ, വാണിജ്യ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. മൈക്രോസോഫ്റ്റും ഗൂഗിളും ഫേസ്ബുക്കും എൻവിഡിയയും അടക്കമുള്ള ആഗോള ഐ.ടി കമ്പനികളെല്ലാം ഇന്ത്യയ്ക്കാരുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തെ വിപുലമായി ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മുന്നൊരുക്കത്തിന് സമയം നൽകാതെ പ്രഖ്യാപിച്ച നടപടി കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇത്രയും ഉയർന്ന ഫീ നൽകി വിദേശ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തിയാൽ പ്രവർത്തന ചെലവ് കുതിച്ചുയരുമെന്നതും തിരിച്ചടിയാണ്.നിലവിലുള്ള വിസ ഉടമകളെ തീരുമാനം ബാധിക്കാത്തതിനാൽ ഇന്ത്യയിലെ ടെക്‌നോളജി വൈദഗ്ദ്ധ്യമുള്ള പുതുതലമുറയുടെ കുടിയേറ്റം കുറയാൻ തീരുമാനം സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഭാവിയിൽ എച്ച്.1ബി അപേക്ഷിക്കുന്നവരെ മാത്രമാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക.
പുതുസംരംഭങ്ങൾ ഇന്ത്യയിലെത്തുമെന്ന് അമിതാഭ് കാന്ത്
വിസ ഫീസ് കുത്തനെ ഉയർത്തിയ നടപടി അമേരിക്കയുടെ ടെക്ക് നവീകരണത്തിന് കനത്ത തിരിച്ചടിയാകുമെന്ന് നീതി ആയോഗിന്റെ മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അമിതാഭ് കാന്ത് പറഞ്ഞു. ലാബുകൾ, പേറ്റന്റുകൾ, സ്‌റ്റാർട്ടപ്പുകൾ, ടെക്ക് നവീകരണം തുടങ്ങിയവയുടെ കേന്ദ്രങ്ങളായി മാറാൻ ബംഗളൂരും ഹൈദരാബാദും പൂനെയും അടക്കമുള്ള ഇന്ത്യൻ നഗരങ്ങൾക്ക് ഇതോടെ അവസരമൊരുങ്ങുകയാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാകാൻ യുവ എൻജിനിയർമാക്കും ഡോക്ടർമാർക്കും ശാസ്‌ത്രജ്ഞൻമാർക്കും അവസരമാണിത്.
അമേരിക്കൻ ജോലി പുറത്തേക്ക് ഒഴുകും
പ്രവർത്തന ചെലവ് കുറയ്ക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഗോള കേപ്പബിലിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തയ്യാറാകുമെന്ന് ഇൻഫോസിസിന്റെ മുൻ സി.ഇ.ഒ മോഹൻദാസ് പൈ പറഞ്ഞു.
ഇന്ത്യ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ
1. രാജ്യാന്തര തലത്തിൽ മികച്ച സാങ്കേതിക, പ്രവർത്തന വൈദഗ്ദ്ധ്യമുള്ള ജീവനക്കാർ തിരിച്ചെത്തും
2. ആഗോള കമ്പനികൾ ചെലവ് ചുരുക്കാൻ ഇന്ത്യയിലെ നിക്ഷേപം ഉയർത്താനുള്ള സാദ്ധ്യത
3. റിവേഴ്‌സ് മൈഗ്രഷൻ ഇന്ത്യയുടെ സാമ്പത്തിക, വ്യാവസായിക മേഖലകൾക്ക് ആവേശമാകും
4. ഗവേഷണ, വികസന രംഗത്തെ വിദേശ നിക്ഷേപ ഒഴുക്ക് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |