കൽപ്പറ്റ: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ എം. ഷനീഷ് (42), സജീവൻ (43), കെ.വി ഷംസീർ (34), കെ.എസ്. നിസാമുദ്ധീൻ (32) എന്നിവരെയാണ് കൽപ്പറ്റ പൊലീസ് പിടികൂടിയത്. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച ഇന്നോവ കാറും പിടികൂടി. ഇന്നലെ പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ കൽപ്പറ്റ വിനായകയിൽ വെച്ചാണ് സംഘത്തെ പിടികൂടിയത്. വധശ്രമം, കവർച്ച, ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഫോറസ്റ്റ് കേസിലും ഉൾപ്പെട്ടയാളാണ് ഷനീഷ്. രണ്ടാം പ്രതിയായ സജീവനും കേസുകളിൽ പ്രതിയാണ്. ഇവർ ഒന്നിച്ച് കവർച്ച നടത്തുന്നതിനായി മുന്നൊരുക്കം ചെയ്ത് വന്നതാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൽപ്പറ്റ വിനായകയിൽ റോഡിലേക്ക് അഭിമുഖമായി നിർത്തിയിട്ട ഇന്നോവ കാർ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ കൽപ്പറ്റ കണ്ട്രോൾ റൂം എ.എസ്.ഐ സി. മുജീബ്, ഡ്രൈവർ എ.എസ്.ഐ നെസ്സി, സി.പി.ഓ ജാബിർ എന്നിവരടങ്ങുന്ന പൊലീസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതാണ് വലിയൊരു കവർച്ചാ ശ്രമം പൊളിച്ചടുക്കിയത്. വാഹനത്തിന് പിറകിൽ നാല്‌പേർ മാറി നിൽക്കുന്നത് കണ്ട് ഇവരെചോദ്യം ചെയ്തപ്പോൾ ഇവർ പരസ്പരവിരുദ്ധമായി സംസാരിച്ചത് പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചു. കൂട്ടത്തിൽ ഒരാളായ ഷനീഷ് മുൻപ് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ചാകേസിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും വാഹനത്തിന്റെ നമ്പർപ്ലേറ്റ് വ്യാജമാണെന്ന് മനസിലാക്കുകയും ചെയ്തതോടെ നാല്‌പേരെയും മാറി മാറിചോദ്യം ചെയ്യുകയും ഇവർ ബംഗളൂരിൽ നിന്നും വരുന്ന വാഹനം കവർച്ച നടത്തുന്നതിനായി വന്നിട്ടുള്ളതാണെന്നും മനസിലാക്കുകയും ചെയ്തു. ഉടൻതന്നെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജി പ്രവീൺകുമാറിനെ വിവരമറിയിക്കുകയും കൂടുതൽ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജി പ്രവീൺകുമാർ, കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രൻ, ജൂനിയർ എസ്.ഐ കെ. സിൻഷ, സിവിൽ പൊലീസ് ഓഫിസർമാരായ ഷഹീർ, വിനീഷ് എന്നിവരും, വൈത്തിരി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സജേഷ് സി.ജോസ്, എസ് സി പി ഓ മാരായ ഖാലിദ്, സുഭാഷ് എന്നിവരടങ്ങുന്ന കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഇവരെ വാഹനം സഹിതം കൽപ്പറ്റ സ്റ്റേഷനിൽ എത്തിച്ച് ഇവർക്കെതിരെകേസ് രെജിസ്റ്റർ ചെയ്യുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |