ന്യൂഡൽഹി: മണിപ്പൂരിൽ അസാം റൈഫിൾസിന്റെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കുക്കികളും മെയ്‌തികളും. ആക്രമണം ക്രൂരവും ഭീരുത്വവുമാണെന്ന് കുക്കി സോ കൗൺസിൽ പ്രസ്‌താവനയിൽ അറിയിച്ചു. മെയ്‌തി വിഭാഗത്തിന് സ്വാധീനമുള്ള സ്ഥലത്താണ് ആക്രമണം നടന്നതെന്നും ചൂണ്ടിക്കാട്ടി. ആക്രമണമുണ്ടായ നൻബോൽ സബൽ ലെയ്‌കയ് മേഖലയിലെ താമസക്കാരായ മെയ്‌തികളും പ്രതിഷേധ പ്രകടനം നടത്തി. സൈനികർക്ക് നേരെയുണ്ടായ വെടിവയ്‌പിനെ അപലപിച്ചു. ജനങ്ങൾക്കിടയിൽ ഭീതി വിതയ്‌ക്കാനാണ് ഇത്തരം ആക്രമണങ്ങളെന്ന് പറഞ്ഞു. പ്രകടനത്തിൽ പങ്കെടുത്തവരിൽ
ഭൂരിഭാഗവും മെയ്‌തി വനിതകളാണ്.
നാലോളം അക്രമികൾ
വെള്ളിയാഴ്ച വൈകിട്ട് 5.40ഓടെയാണ് അസാം റൈഫിൾസിന്റെ ട്രക്കിന് നേർക്ക് അക്രമികൾ വെടിയുതിർത്ത്. നാലോളം അക്രമികളുണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. അക്രമികളുടേതെന്നു കരുതുന്ന ഒരു വാഹനം ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് സുരക്ഷാസേന കണ്ടെത്തി.
നായിബ് സുബേദാർ ശ്യാം ഗുരുങ്, റൈഫിൾമാൻ രഞ്ജിത് സിംഗ് കശ്യപ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇംഫാലിൽ നിന്നുള്ള നിങ്‌തോഖോങ്ജം, അസാമിൽ നിന്നുള്ള ഡി.ജെ. ദത്ത, സിക്കിമിൽ നിന്നുള്ള ബി.കെ. റായ്, മേഘാലയയിൽ നിന്നുള്ള എൽ.പി. സങ്മ, ഉത്തരാഖണ്ഡിൽ നിന്നുള്ള സുഭാഷ്ചന്ദ്ര എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |