ലണ്ടൻ : കാനഡയ്ക്കും ആസ്ട്രേലിയയ്ക്കും പിന്നാലെ സ്വതന്ത്ര പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിംഗ്ഡം (യു.കെ). യു.എൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം. സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ , ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ബ്രിട്ടൺ പാലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നു എന്ന് കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു..
സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രയേലും സ്വതന്ത്രമായ പാലസ്തീനും സാദ്ധ്യമാകണം. ഇത് രണ്ടും ഇപ്പോൾ നമുക്കില്ല. ഇസ്രയേലിലെയും പാലസ്തീനിലെയും സാധാരണ ജനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്. ഗാസയിലെ മനുഷ്യനിർമ്മിത മാനുഷിക പ്രതിസന്ധി വലിയ ആഴത്തിൽ എത്തിയിരിക്കുന്നു. ഇസ്രയേൽ നടത്തുന്ന കനത്ത ബോംബാക്രമണം, പട്ടിണി, പലായനം ഒന്നും ഒരിക്കലും നീതീകരിക്കാവുന്നതല്ല. പാലസ്തീന് നൽകുന്ന അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ല. ഹമാസിന് ഭാവിയില്ല. അവർക്ക് സർക്കാരിലോ സുരക്ഷയിലോ ഒരു പങ്കാളിത്തവും ഉണ്ടാവില്ലെന്നും സ്റ്റാർമർ പറഞ്ഞു.
പാലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യ ജി7 രാജ്യമാണ് കാനഡ. പിന്നാലെ ആസ്ട്രേലിയയും പാലസ്തീനെ അംഗീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാലസ്തിനെ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ആസ്ട്രേലിയക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവയ്പാണിതെന്ന് സ്റ്റാർമറുടെ ഓഫീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |