പത്തനംതിട്ട : ഭക്ഷ്യ സുരക്ഷയിൽ ഇനി ആശങ്ക വേണ്ട, പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ ലാബ് തയ്യാറായിക്കഴിഞ്ഞു. പത്തനംതിട്ട അണ്ണായ്പ്പാറയിലാണ് പുതിയ ഭക്ഷ്യ സുരക്ഷാ ലാബിന്റെ നിർമ്മാണം പൂർത്തിയായത്. അടുത്ത മാസം ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് വകുപ്പ് അധികൃതർ. 2023 നവംബറിലാണ് ലാബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 3.1കോടി രൂപ ചെലവിൽ മൂന്നുനിലകളിലായാണ് ലാബ് കെട്ടിടം. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി.സി) ഫണ്ടിലാണ് നിർമ്മാണം നടക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഓഫീസ്, മൈക്രോ ബയോളജി ലാബ്, സ്റ്റോർ, ബാത് റൂം എന്നിവയും ഉണ്ടാകും. രണ്ടാംനിലയിൽ ലാബും മൂന്നാംനിലയിൽ വിശദ പരിശോധനകൾക്കുള്ള അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും. വെള്ളം, ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഇവിടെ പരിശോധിക്കാം.
ലാബ് സജ്ജമായാൽ
ലാബ് വരുന്നതോടെ ജില്ലയ്ക്ക് വിവിധ സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ എന്നിവ നടത്താൻ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ഭക്ഷണസാധനങ്ങൾ തിരുവനന്തപുരത്തെ ലാബിലയച്ചാണ് ഇപ്പോൾ പരിശോധിക്കുന്നത്. ജില്ലയിൽ നിന്ന് 40 സാമ്പിളുകളെങ്കിലും ഒരു മാസം പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ട്. ഒരുമാസം വൈകിയാണ് പരിശോധനാഫലം ലഭിക്കുക. പത്തനംതിട്ട മാർക്കറ്റ് റോഡിനു സമീപമുള്ള പഴയ ലാബിൽ കുടിവെള്ള പരിശോധനയ്ക്കുള്ള സൗകര്യം മാത്രമാണുള്ളത്.
ഒൻപത് പുതിയ നിയമനം
ടെക്‌നിക്കൽ അസിസ്റ്റന്റ്, റിസർച്ച് ഓഫീസർ , ഓഫീസ് അറ്റൻഡർ എന്നിങ്ങനെ മൂന്ന് തസ്തികകളിൽ ഒരാൾ വീതമാണ് നിലവിലെ ലാബിലുള്ളത്. പുതിയ ലാബിലേക്കായി ഒൻപത് നിയമനങ്ങൾ നടന്നിട്ടുണ്ട്. ഒരു അനലിസ്റ്റ്, ഒരു റിസർച്ച് ഓഫീസർ, രണ്ട് ജൂനിയർ റിസർച്ച് ഓഫീസർ, രണ്ട് ടെക്നിക്കൽ അസിസ്റ്റന്റ്,, രണ്ട് ലാബ് അസിസ്റ്റന്റ് , ഒരു കെമിസ്റ്റ് എന്നിങ്ങനെയാണ് പുതിയ നിയമനങ്ങൾ. എന്നാൽ മുപ്പതിലധികം ജീവനക്കാർ ജോലി ചെയ്യാൻ കഴിയുന്ന രീതിയിലാണ് പുതിയ ലാബ് ക്രമീകരിച്ചിരിക്കുന്നത്. വരും നാളുകളിൽ കൂടുതൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനാണ് അധികൃതരുടെ ശ്രമം. ഇവർക്കാവശ്യമായ മൈക്രോ ബയോളജി ഉപകരണങ്ങൾ തിരുവനന്തപുരം, എറണാകുളം ഓഫീസിൽ നിന്ന് എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |