പാലക്കാട്: ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി 12 മണിയോടെ തിരിച്ചെത്തിയത്. ഇത്രയും ദിവസം ഇവർ ഗുരുവായൂരിലായിരുന്നു കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഈ മാസം 13ന് അർദ്ധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ 11 ലക്ഷം രൂപ നൽകണമെന്നും സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ടവർ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാർ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമയ്‌ക്ക് ബോദ്ധ്യമായത്. തുടർന്ന് വീടുവിട്ടിറങ്ങുരയായിരുന്നു.
പ്രേമയെ കാണാനില്ലെന്ന പരാതിയിൽ ശ്രീകൃഷ്‌ണപുരം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഓൺലൈൻ തട്ടിപ്പിനും കേസെടുത്തു. ഗുരുവായൂരിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. പ്രേമയിൽ നിന്ന് വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്‌ണപുരം എസ്‌എച്ച്‌ഒ എസ് അനീഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |