യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ വിവാദങ്ങൾ നിലയ്ക്കുന്നില്ല. പാകിസ്ഥാൻ കളിക്കാർക്ക് ഷേക് ഹാൻഡ് നൽകാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ ബഹിഷ്കരണ ഭീഷണി പാളിപ്പോയത് പാകിസ്ഥാൻ കളിക്കാരെ വിറളിപിടിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽനിന്ന് തെളിഞ്ഞു. ടീമംഗങ്ങളുടെ മാനസിക നില ശരിയാക്കാൻ സൈക്കോളജിസ്റ്റിന്റെ സേവനം തേടിയതും പാക് ടീമിന് ഗുണം ചെയ്തില്ല. മത്സരത്തിലുടനീളം മോശം ആംഗ്യങ്ങൾ കാട്ടുകയും ഇന്ത്യൻ താരങ്ങളോട് കയർത്തുമൊക്കെ പാക് കളിക്കാർ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു...
സഹിബ്സദയുടെ
എ.കെ 47 ആഘോഷം
മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടിയ പാക് ഓപ്പണർ സഹിബ്സദ അതിനുപിന്നാലെ ബാറ്റെടുത്ത് എ.കെ 47 തോക്ക് പോലെ പിടിച്ച് വെടിവയ്ക്കുന്ന ആംഗ്യം കാട്ടിയതായിരുന്നു ഏറ്റവും അരോചകം. ഇതിനെതിരെ നിശിതമായ വിമർശനമാണ് ഉയർന്നത്. ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു സഹിബ്സയുടെ ആഘോഷം. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇതിനെതിരെ നടപടിയെടുക്കുമെന്നാണ് കരുതുന്നത്. ഏതായാലും സഹിബ്സദയുടെ തോക്ക് കണ്ട് ഇന്ത്യ വിരണ്ടതൊന്നുമില്ല. പകരം അഭിഷേക് ശർമ്മയുടേയും ശുഭ്മാൻ ഗില്ലിന്റെയും സഞ്ജുവിന്റേയും തിലകിന്റേയും വക ബ്രഹ്മോസ് മിസൈലുകൾ അയച്ച് പാകിസ്ഥാനെ തറപറ്റിക്കുകയായിരുന്നു.
റൗഫിന്റെ '6-0" ആംഗ്യം
ഗാലറിയിലിരുന്ന് തന്നെ വിരാട് കൊഹ്‌ലിയുടെ പേര് വിളിച്ച് കളിയാക്കിയ ഇന്ത്യൻ ആരാധകർക്ക് നേരേ വിരലുകൾ കൊണ്ട് '6-0" എന്ന ആംഗ്യം കാട്ടിയത് പാക് ബൗളർ ഹാരിസ് റൗഫാണ്.2022 ലോകകപ്പിൽ റൗഫിനെ വിരാട് തുടർച്ചയായി സിക്സുകൾ പറത്തിയതിനെ ഓർമ്മിപ്പിച്ചായിരുന്നു ആരാധകരുടെ കൂക്കിവിളി. ഇതോടെ റൗഫ് കൈക്കൊണ്ട് വിമാനം പറക്കുന്നതും താഴെവീഴുന്നതുമായ ആംഗ്യം കാണിച്ചു. സൂപ്പർ ഫോർ മത്സരത്തിന്റെ തലേദിവസം പരിശീലനത്തിനിടെ റൗഫ് 6-0 എന്ന് വിളിച്ചുപറഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ ആറ് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ഇതാണ് ആംഗ്യത്തിലൂടെ റൗഫ് ഉദ്ദേശിച്ചതെന്ന് ചില പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉടക്കാനെത്തി ഷഹീൻ
ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും അടിച്ചുതകർത്തത് പാക് ബൗളർമാരുടെ നിയന്ത്രണം നഷ്ടമാക്കി. പേസർ ഷഹീൻ ഷാ അഫ്രീദി ഗില്ലിനോട് ഹിന്ദിയിൽ മോശമായി സംസാരിച്ചപ്പോൾ ഗിൽ അതേ നാണയത്തിൽ മറുപടി നൽകി. പിന്നീട് ഹാരീസ് റൗഫും ഇരുവരോടും ഉടക്കാൻവന്നു. അപ്പോൾ റഫറി ഇടപെട്ടാണ് പ്രശ്നം നിയന്ത്രിച്ചത്.മത്സരത്തിലുടനീളം പാക് താരങ്ങൾ മോശം വർത്തമാനം കൊണ്ട് ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.
കൈകൊടുക്കാത്ത കളി
പാകിസ്ഥാൻ ക്യാപ്ടനോ കളിക്കാർക്കോ ഷേക് ഹാൻഡ് നൽകില്ലെന്ന നിലപാടിൽ സൂര്യകുമാർ യാദവ് മാറ്റം വരുത്തിയില്ല. ടോസിംഗിന്റെ സമയത്ത് ഇന്ത്യൻ നായകൻ പാകിസ്ഥാൻ നായകൻ സൽമാൻ ആഗയുടെ മുഖത്ത് നോക്കിയതുപോലുമില്ല. ടോസ് സമയത്ത് സൂര്യകുമാർ പൈക്രോഫ്ടിന് ഷേക് ഹാൻഡ് നൽകുകയും രവി ശാസ്ത്രിയെ ആശ്ളേഷിക്കുകയും ചെയ്തു. പാക് ക്യാപ്ടൻ പൈക്രോഫ്ടിന് ഷേക് ഹാൻഡ് നൽകിയില്ല. മത്സരശേഷവും ഇന്ത്യൻ താരങ്ങൾ ഷേക് ഹാൻഡ് ചെയ്തില്ല.
സഞ്ജുവിന്റെ ക്യാച്ചിലും തർക്കം
മത്സരത്തിൽ ഫഖാർ സമാനെ പുറത്താക്കാൻ കീപ്പർ സഞ്ജുവെടുത്ത ക്യാച്ചിനെച്ചൊല്ലിയും തർക്കം നിലയ്ക്കുന്നില്ല. സഞ്ജുവിന്റെ ഗ്ളൗസിലെത്തുംമുമ്പ് പന്ത് തറയിൽ തൊട്ടിരുന്നുവെന്ന ഫഖാറിന്റെ ഡി.ആർ.എസ് അപ്പീലിൽ മൂന്നാം അമ്പയർ വിക്കറ്റ് ശരിവയ്ക്കുകയായിരുന്നു. 26ഓളം ക്യാമറകളിൽ നിന്നുള്ള ദൃശ്യം പരിശോധിച്ചായിരുന്നു അമ്പയറുടെ വിധി. എന്നാൽ പാക് ടീം മാനേജ്മെന്റും മുൻ പാക് താരങ്ങളും ഇത് ക്യാച്ചല്ലെന്ന വാദം ആവർത്തിക്കുകയാണ്. അമ്പയർ ഇന്ത്യൻ പക്ഷത്താണെന്ന് ഷൊയ്ബ് അക്തർ അടക്കമുള്ള മുൻ പാക് താരങ്ങൾ ആക്ഷേപിക്കുകയും ചെയ്തു. ഈ ക്യാച്ചിനെക്കുറിച്ച് പാക് ടീം ഐ.സി.സിക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |