ജി.എസ്.ടി പരിഷ്‌കരണവും നയ സമീപനങ്ങളും കരുത്താകും
കൊച്ചി: രാജ്യത്തെ ഓഹരി വിപണിയിൽ വീണ്ടുമൊരു കുതിപ്പിന് സാഹചര്യമൊരുങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ നികുതി പരിഷ്‌കാരങ്ങളും നയപരമായ മാറ്റങ്ങളും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലും(ജി.ഡി.പി) വരുമാന വളർച്ചയിലും ഉണർവുണ്ടാക്കും. ജി.എസ്.ടി പരിഷ്‌കരണം ഉപഭോഗം ഉയർത്തും. വാഹനങ്ങൾ, എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ വിപണികൾ ആവേശത്തിലാണ്.
കമ്പനികളുടെ ലാഭത്തിലെ വളർച്ചയാണ് ദീർഘകാലാടിസ്ഥാനത്തിൽ വിപണിയെ നയിക്കുന്നത് . 2020-2024 കാലത്തെ മികച്ച ലാഭവർദ്ധനയ്ക്ക് ശേഷം കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനികളുടെ ലാഭക്ഷമത അഞ്ച് ശതമാനമായി ഇടിഞ്ഞിരുന്നു. നിഫ്റ്റി പി.ഇ റേഷ്യോ 21ന് മുകളിലായി. ദീർഘകാല പി.ഇ റേഷ്യോവിനെക്കാൾ കൂടുതലാണിത്. മറ്റ് മാർക്കറ്റുകളിലെ പി.ഇ റേഷ്യോ 12 മുതൽ 14 വരെയായപ്പോൾ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിന്മാറി. കഴിഞ്ഞ വർഷം 1.21 ലക്ഷം കോടി രൂപയും ഈ വർഷം 1.79 ലക്ഷം കോടി രൂപയുമാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്.
എന്നാൽ സാഹചര്യങ്ങൾ മാറുകയാണ്. ആഗോളാടിസ്ഥാനത്തിൽ ഓഹരി വിപണികൾ പരസ്പര ബന്ധത്തോടെയാണ് പ്രവർത്തിക്കുന്നത്. വിപണികളിലെ ബുൾ തരംഗത്തിലും തകർച്ചയിലും പരസ്പര ബന്ധം ദൃശ്യമാണ്.
2000, 2008, 2020 വർഷങ്ങളിൽ വിപണി തകർച്ചന്നത് ആഗോള സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. 2003, 2007, 2020 ബുൾ തരംഗവും ആഗോള സ്വഭാവമുള്ളതാണ്. ചില സമയങ്ങളിൽ വിപരീതമായും ഹ്രസ്വകാലത്തേക്ക് വിപണികൾ ചലിക്കും. അത്തരമൊരു ഘട്ടമാണിപ്പോൾ.
കൊവിഡ് കാലത്തെ തകർച്ചക്ക് ശേഷം ലോകത്ത് ഏറ്റവുമധികം നേട്ടം നൽകിയ വിപണിയാണ് ഇന്ത്യ.
മികച്ച നേട്ടത്തോടെ ആഗോള വിപണികൾ
കഴിഞ്ഞ ഒരുവർഷത്തിനിടെ ഇന്ത്യൻ വിപണി നിക്ഷേപകർക്ക് കാര്യമായ നേട്ടം നൽകിയില്ല. എന്നാൽ യു.എസിലെ എസ് ആൻഡ് പി 500 16 ശതമാനവും യൂറോപ്യൻ സ്റ്റോക്‌സ് ഫിഫ്റ്റി 13 ശതമാനവും ജപ്പാനിലെ നിക്കെ 18 ശതമാനവും ഹോങ്കോംഗ് ഹാംങ്‌സെംഗ് 45 ശതമാനവും സൗത്ത് കൊറിയൻ കോസ്പി 32 ശതമാനവും തായ്‌വാനിലെ തായെക്‌സ് 14 ശതമാനവും നേട്ടം നൽകി.
നിക്ഷേപം വൈവിദ്ധ്യവൽക്കരിക്കണം
നിക്ഷേപത്തിൽ വിദേശ വിപണികളെയും ഉൾപ്പെടുത്തി വൈവിദ്ധ്യവൽക്കരണം നടത്തണം. മറ്റു രാജ്യങ്ങളിലെ സ്റ്റോക്കുകൾ ഉൾപ്പെട്ട മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് സുരക്ഷിതമായിരിക്കും. വളരെ ലളിതമായി ഇത്തരത്തിലുള്ള നിക്ഷേപം ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിലൂടെ നടത്താം.
(ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |