വള്ളിക്കോട് : പ്രതികൂല കാലാവസ്ഥകൾ സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിച്ച് മകരക്കൃഷിക്കായി വിത്തെറിയാനുളള തയ്യാറെടുപ്പിലാണ് വള്ളിക്കോട്ടെ കർഷകർ. വേട്ടക്കുളം പാടശേഖരത്തിലാണ് ഇത്തവണ ആദ്യവിത്തെറിയുക. കഴിഞ്ഞവർഷം കനത്തമഴയെ തുടർന്ന് കൃഷി വൈകിയിരുന്നു. ഇത്തവണ ചിങ്ങക്കൃഷി ഇറക്കാനും കഴിഞ്ഞില്ല. ഇത്തവണ മഴ മാറിയ സമയം നോക്കി യന്ത്രസഹായത്തോടെ പാടശേഖരങ്ങളെല്ലാം ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കി. വരമ്പുകളിലെ കളകൾ നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കീടങ്ങളെ തുരത്താൻ താറാവ് കൂട്ടങ്ങളെയും പാടശേഖരത്തിൽ ഇറക്കിയിട്ടുണ്ട്. അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്നത് വള്ളിക്കോട് പാടശേഖരങ്ങളിലാണ്. സപ്ളൈക്കോയുടെ പ്രധാന നെല്ല് സംഭരണ കേന്ദ്രം കൂടിയാണിവിടം.
മുൻ വർഷങ്ങളിൽ രണ്ടുതവണ കൃഷിയിറക്കിയിരുന്ന പാടശേഖരമാണിത്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളും മൂലം ഇപ്പോൾ ഒറ്റത്തവണയായി ചുരുങ്ങി. ചെമ്പത പാലത്തിന് സമീപമുള്ള വേട്ടക്കുളത്തെ 30 ഹെക്ടർ പാടശേഖരത്തിൽ 90 കർഷകരാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ തവണയും പ്രതിസന്ധികൾ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിയെങ്കിലും മകര കൊയ്ത്തിനും മുണ്ടകൻ കൃഷക്കും നല്ല വിളവ് ലഭിച്ചിരുന്നു. 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമപഞ്ചായത്തിൽ അഞ്ഞൂറ് ഹെക്ടറോളം വരുന്ന 9 വലിയ പാടശേഖരങ്ങളുണ്ട്.
പ്രധാന പാടശേഖരങ്ങൾ
വേട്ടക്കുളം, കാരുവേലി, നടുവത്തൊടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ , തട്ട, അട്ടത്തോഴ.
വള്ളിക്കോട് പാടം
വിസ്തൃതി : 500 ഹെക്ടർ
പ്രധാന പാടശേഖരങ്ങൾ : 9
കർഷകരുടെ ആകെ എണ്ണം : 210
കഴിഞ്ഞ മകരക്കൃഷിക്ക് ലഭിച്ചത് : 480 ടൺ നെല്ല്
സപ്‌ളൈക്കോ സംഭരിച്ചത് : 400 ടൺ നെല്ല്.
നെൽവിത്തിനം : ഉമ.
കഴിഞ്ഞ തവണ പ്രതികൂല കാലാവസ്ഥകളെ തുടർന്ന് കൃഷി വൈകിയിരുന്നു. ഇത്തവണ യഥാസമയം കൃഷി ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നെൽക്കൃഷി പ്രോത്സാഹനത്തിന് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
ആർ മോഹനൻ നായർ
(വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |