വിദേശ നിക്ഷേപകരുടെ പിന്മാറ്റം വിനയാകുന്നു
കൊച്ചി: ആഗോള, ആഭ്യന്തര അനിശ്ചിതത്വങ്ങളിൽ അടിതെറ്റി രാജ്യത്തെ ഓഹരി വിപണി. ആറ് ദിവസമായി ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായി നഷ്‌ടം നേരിടുകയാണ്. മുഖ്യ സൂചികയായ സെൻസെക്‌സ് ഇന്നലെ 520.64 പോയിന്റ് നഷ്‌ടവുമായി 81,194.99ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 152 പോയിന്റ് ഇടിഞ്ഞ് 24,904.80ൽ എത്തി. ഐ.ടി, റിയൽറ്റി, വാഹന മേഖലകളിലെ ഓഹരികളാണ് ഇന്നലെ തകർച്ച നേരിട്ടത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 50 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുന്നതും എച്ച്1ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ ട്രംപിന്റെ നടപടിയുമാണ് വിപണിക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് ഇടിവ് നേരിട്ടതും സമ്മർദ്ദം ശക്തമാക്കി.
തിങ്കളാഴ്ച മുതൽ നിത്യോപയോഗ സാധനങ്ങളുടെയും ആഡംബര ഉത്പന്നങ്ങളുടെയും ചരക്ക് സേവന നികുതി കുറഞ്ഞെങ്കിലും വിപണിയിൽ കാര്യമായ ഉണർവ് ദൃശ്യമാകാത്തതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. രാജ്യം അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാണ്.
പ്രതികൂല സാഹചര്യങ്ങൾ
വിദേശ നിക്ഷേപകരുടെ പിന്മാറ്റം വിപണിയിൽ സമ്മർദ്ദം കൂട്ടുന്നു
വിസ ഫീസിലെ വർദ്ധന ഐ.ടി കമ്പനികൾക്ക് തിരിച്ചടി സൃഷ്‌ടിച്ചേക്കും
റിസർവ് ബാങ്കിന്റെ ധന നയത്തിൽ ഇത്തവണ പലിശ കുറച്ചേക്കില്ല
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് പുതുക്കി താഴുന്നു
അഞ്ച് ദിവസത്തിനിടെ സെൻസെക്‌സിലെ ഇടിവ്
1,854 പോയിന്റ്
നഷ്‌ടം നേരിട്ട പ്രധാന കമ്പനികൾ
ട്രെന്റ്, പവർ ഗ്രിഡ്, ടാറ്റ മോട്ടോർസ്, ടി.സി.എസ്, ഏഷ്യൻ പെയിന്റ്‌സ്, എൻ.ടി.പി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |