തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വേളിയിലെ പൊഴിമുറിക്കാൻ വൈകിയതോടെ തലസ്ഥാന നഗരം വെള്ളക്കെട്ടിലായി.തമ്പാനൂർ,കിഴക്കേകോട്ട,പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതം തടസപ്പെട്ടു. പലയിടത്തും കടകളിൽ വെള്ളം കയറി.
നഗരത്തിൽ മാത്രമല്ല, ഗ്രാമീണ മേഖലയിലാകെ ശക്തമായ മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നെയ്യാറ്റിൻകരയിലാണ്.168.8 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.നെടുമങ്ങാട്,ആറ്റിങ്ങൽ മേഖലയിലും വ്യാപക മഴ പെയ്തു.
നഗരത്തിൽ കരിക്കകം ക്ഷേത്ര റോഡ് വെള്ളത്തിനടിയിലായി.സമീപത്തെ വീടുകളും വെള്ളത്തിലായി.
സ്മാർട്ട് സിറ്റി പദ്ധതിയിൽ റോഡുകൾ പുനർനിർമ്മിച്ചെങ്കിലും കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പലയിടത്തും കച്ചവടസ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആക്കുളം - ഉള്ളൂർ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങൾ കുടുങ്ങി.
കരമന,കുര്യാത്തി,ഗൗരീശപട്ടം,ചാക്ക എയർപോർട്ട് റോഡ്,കല്ലുമൂട് - മണക്കാട് ജി.കെ ജംഗ്‌ഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. പാർവതീ പുത്തനാർ നിറഞ്ഞ് റോഡിൽ വെള്ളക്കെട്ടുണ്ടായി.
മേലാറന്നൂരിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് ബേബിയെ (72) ഫയർഫോഴ്സ് സംഘമെത്തിയാണ് പുറത്തെത്തിച്ചത്. കരിക്കകം ക്ഷേത്രത്തിനു മുന്നിൽ ഭുവനേന്ദ്രൻ,ഗൗരീശപട്ടത്ത് കുഴിവയലിൽ ചന്ദ്രിക എന്നിവരുടെ വീട്ടിലും വെള്ളം കയറി.
പൂജപ്പുര ശ്രീചിത്ര റിസർച്ച് സെന്ററിന്റെ മതിൽ ഇടിഞ്ഞുവീണു.വഞ്ചിയൂർ കോടതി വളപ്പിലും കവടിയാർ ഗോൾഫ് ക്ലബിന് സമീപത്തും ഒടിഞ്ഞുവീണ മരങ്ങൾ ഫയർഫോഴ്സ് സംഘമെത്തി മുറിച്ചു മാറ്റി.
പ്രവേശനം നിരോധിച്ചു
കനത്ത മഴയെ തുടർന്ന് നെയ്യാർ,അരുവിക്കര ഡാമുകളിലെ ഷട്ടറുകൾ തുറന്നു. പൊൻമുടി ഇക്കോ ടൂറിസം, മങ്കയം ഇക്കോ ടൂറിസം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
വിമാനത്തിന്റെ ലാൻഡിംഗ്
ഒരു മണിക്കൂറിലധികം വൈകി
കനത്ത മഴയെ തുടർന്ന് റൺവേ കാണാനാകാതെ വിമാനത്തിന്റെ ലാൻഡിംഗ് ഒരു മണിക്കൂറിലധികം വൈകി.കുവെറ്റിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചേ 5.45ന് തിരുവനന്തപുരത്ത് ലാൻഡിംഗ് നടത്തേണ്ട കുവൈറ്റ് എയർവേഴ്സ് വിമാനമാണ്, കനത്തമഴയെ തുടർന്ന് ഒരു മണിക്കൂർ വൈകി ലാൻഡിംഗ് നടത്തിയത്. വിമാനം കൃത്യസമയത്ത് ലാൻഡിംഗ് നടത്താനായി എയർട്രാഫിക്ക് കൺട്രോൾ ടവറിൽ നിന്ന് അനുമതി വാങ്ങി റൺവേ ലക്ഷ്യമാക്കിയെങ്കിലും,കനത്ത കാറ്റും മഴയും കാരണം പൈലറ്റ് എ.ടി.സിലേക്ക് സന്ദേശം നൽകി വിമാനം മുകളിലേക്ക് പറത്തി. ആകാശപാതയിൽ പതിനൊന്നായിരം അടിക്ക് മുകളിൽ പറന്ന ശേഷമാണ് വിമാനം ലാൻഡിംഗ് നടത്തിയത്.അടിയന്തരമായി വിമാനം കൊച്ചിയിലോ തൃശ്ചിനാപള്ളിയിലോ ഇറക്കാൻ ആലോചനകൾ എയർട്രാഫിക്ക് കൺട്രോളിൽ നിന്നുണ്ടായെങ്കിലും,വിമാനത്തിൽ കൂടുതൽ സമയം പറക്കേണ്ട ഇന്ധനമുണ്ടായിരുന്നതിനാൽ വിമാനം തിരിച്ചുവിടേണ്ടതോ അടിയന്തര ലാൻഡിംഗ് നടത്തേണ്ടതുമായ സാഹചര്യമുണ്ടായില്ല.
ഐ.എൽ.എസ് സംവിധാനം നിർജ്ജീവം
റൺവേ കാണാതെ തന്നെ വിമാനമിറക്കാൻ സഹായിക്കുന്ന സംവിധാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം(ഐ.എൽ.എസ്).ഇതിന്റെ സഹായത്തോടെ വിമാനങ്ങൾക്ക് ഏത് മോശം കാലാവസ്ഥയിലും മുമ്പ് സുഗമമായി ഇറങ്ങാൻ കഴിയുമായിരുന്നു. വിമാനത്താവളത്തിന്റെ അറ്റത്തും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ആന്റിനകളിലൂടെയും മറ്റു ഉപകരണങ്ങളിൽ നിന്ന് ഐ.എൽ.എസിൽ നിന്നുള്ള തരംഗങ്ങളുടെ സഹായത്തിൽ പൈലറ്റിന് കോക്ക്പിറ്റിലെ മോണിറ്ററിൽ റൺവേയുടെ മദ്ധ്യത്തുള്ള വര ഇലക്ട്രോണിക് ലൈനായി കണ്ട് വിമാനങ്ങൾ സുഗമായി റൺവേയിൽ ലാൻഡിംഗ് നടത്താമായിരുന്നു. പക്ഷേ ഇപ്പോൾ ഈ സംവിധാനം നിർജ്ജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |