തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ ഉറച്ച പിന്തുണയ്ക്ക് പിന്നാലെ, എൻ.എസ്.എസുമായുള്ള നയതന്ത്ര വിജയം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ
മൂന്നാമൂഴം ലക്ഷ്യമിടുന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസം ഉയർത്തി . ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട എം.വി ഗോവിന്ദൻ പറഞ്ഞതും
തങ്ങൾ മൂന്നാം ഊഴത്തിലേക്കുള്ള മുന്നേറ്റത്തിലാണെന്നാണ് .
എൻ.എസ്.എസിന്റെ പൊടുന്നനെയുള്ള ഇടത് ചായ് വിൽ കോൺഗ്രസും യു.ഡി.എഫും അന്തം വിടുന്നതും വെറുതെയല്ല. ഉടൻ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പുതിയ സൗഹൃദ കൂട്ടായ്മയുടെ മാറ്റുരയ്ക്കൽ കൂടിയാവും. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് കുറച്ചെങ്കിലും മുന്നോട്ടു പോകാൻ ഇടതു മുന്നണിക്ക് കഴിഞ്ഞാൽ ,നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വർദ്ധിത വീര്യത്തോടെ പ്രവേശിക്കാം. 941 ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 515 എണ്ണത്തിൽ ഇടത് ഭരണമാണ്. യു.ഡി.എഫിനുള്ളത് 375 ഉം. ഈ മേൽക്കൈ ഒന്നു കൂടി ബലപ്പെടുത്തിയാൽ നിയമസഭയിലേക്ക് കിട്ടുന്ന മുൻതൂക്കം നിസാരമാവില്ല.
കഴിഞ്ഞ കുറെ നാളുകളായി നടന്ന കരുനീക്കങ്ങളുടെ പ്രതീക്ഷിത പരിസമാപ്തിയായിരുന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ നിലപാട് പ്രഖ്യാപനം. അയ്യപ്പ സംഗമത്തിന്റെ പേരിലാണ് സർക്കാരിനോടുള്ള മമതയില്ലായ്മ അവസാനിപ്പിച്ചതെന്ന് പറയുമ്പോഴും, തുടർന്നും ഇടത് അനുകൂല നിലപാടായിരിക്കും എൻ.എസ്.എസ് സ്വീകരിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സൂചിപ്പിക്കുന്നത്.സംസ്ഥാനത്തെ രണ്ട് പ്രബല സമുദായ സംഘടനകൾ ഇരുവശങ്ങളിലായി നിൽക്കുമ്പോൾ, അടിത്തറ ഉറപ്പുള്ള ഇടതുപക്ഷത്തിന് കിട്ടുന്ന അധിക ശക്തി നിസാരമല്ല. അതിലുപരി രാഷ്ട്രീയ എതിരാളികളുടെ മനോവീര്യം ചോർത്താനായി എന്നതാണ് വലിയ കാര്യം. കാലങ്ങളോളം ഉറ്റമിത്രമായി കണ്ടിരുന്ന എൻ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുക്കുന്നതിന് പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഇനി ഒരു മഞ്ഞുരുക്കൽ അത്ര എളുപ്പമല്ലെന്ന ചിന്തയും
പാർട്ടിയിലുണ്ട്.
എടുത്തുചാടാതെ
ബി.ജെ.പി
എടുത്തു ചാടി സന്ധി സംഭാഷണം വേണ്ടെന്നാണ് ബി.ജെ.പിയുടെ മനസിലിരുപ്പ്. തുടക്കത്തിൽ ചില നേതാക്കൾ എൻ.എസ്.എസ് നിലപാടിനെ വിമർശിച്ചെങ്കിലും പിന്നീട് കൂടുതൽ പ്രതികരണങ്ങൾ നടത്താൻ അവർ മുതിരാത്തതും അതിനാലാണ്. നേതൃത്വം ഇടതിന് പിന്തുണ നൽകിയാലും അണികളിൽ വലിയൊരു പങ്ക് തങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.
പൗരത്വ രജിസ്റ്റർ വളഞ്ഞ
വഴിയിലൂടെ കൊണ്ടുവരാൻ
ശ്രമം: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിശോധന (എസ്.ഐ.ആർ) വളഞ്ഞ വഴിയിലൂടെ പൗരത്വ രജിസ്റ്റർ കൊണ്ടുവരാനുള്ള ശ്രമമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസിൽ അന്തിമ വിധി വന്നിട്ടില്ല. തീവ്ര വോട്ടർ പട്ടിക പരിശോധന കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എസ്.ഐ.ആർ വിഷയത്തിൽ ഒക്ടോബറിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സെമിനാർ സംഘടിപ്പിക്കും. കുടിയേറിയവരെ വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കുന്നത് പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ ഭാഗമാണ്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഉദ്യോഗസ്ഥർ.
എയിംസ് ഇല്ലാതാക്കാൻ
ബി.ജെ.പി ശ്രമം
എയിംസുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലെ തർക്കം അവസാനിപ്പിക്കണം. എയിംസ് ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമം. എയിംസ് എത്രയോ മുമ്പ് കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. കിനാലൂരിൽ ഭൂമി കണ്ടെത്തി നൽകി. കേന്ദ്ര സംഘം പരിശോധന നടത്തി തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വീണ്ടും 50 ഏക്കർ കൂടി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയോ സർക്കാരോ കിനാലൂരിലെ ഭൂമി സ്വീകാര്യമല്ലെന്ന് പറഞ്ഞിട്ടില്ല. വികസന കാര്യത്തിലെങ്കിലും കേരളത്തിലെ ബി.ജെ.പി തമ്മിൽത്തല്ല് അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റം നിരുത്തരവാദപരമാണ്.
കേരളത്തിൽ ഇടതു സർക്കാർ മൂന്നാം ഊഴത്തിലേക്കുള്ള മുന്നേറ്റത്തിലാണ്.എല്ലാ വിഭാഗങ്ങളുടെയും വോട്ട് വേണമെന്നതാണ് ഇടതു നിലപാട്. സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാട് മാറ്രിയോയെന്ന ചോദ്യത്തിന് , കഴിഞ്ഞു പോയ കാര്യങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ലെന്നും അതടഞ്ഞ അദ്ധ്യായമാണെന്നുമായിരുന്നു മറുപടി.പാലസ്തീൻ ഐക്യദാർഢ്യം ഹിന്ദു വിരുദ്ധമല്ല. ലോകമാകെ പാലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |