
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിനെയും സർക്കാരിനെയും മുൾമുനയിൽ നിറുത്തി സി.പി.ഐ ഉയർത്തിയ ആക്ഷേപങ്ങൾ തുറന്നു സമ്മതിച്ച് സി.പി.എം. ഇടതു മുന്നണിയിലും മന്ത്രിസഭയിലും ശരിയാംവിധം ചർച്ചചെയ്തതിനു ശേഷമല്ല പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതെന്ന് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം എം.വി. ഗോവിന്ദൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പിണറായി മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സർക്കാരിന്റെ വീഴ്ച പരസ്യമായി തുറന്നു പറയുന്നത്. പി.എം ശ്രീ വിഷയത്തിൽ ഘടക കക്ഷികളെ മാത്രമല്ല, പാർട്ടിയെയും സർക്കാർ ഇരുട്ടിൽ നിറുത്തി എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഗോവിന്ദന്റെ വെളിപ്പെടുത്തൽ. സർക്കാരിനെ തിരുത്താൻ ചുമതലയുള്ള പാർട്ടി നേതൃത്വം അതിൽ പരാജയപ്പെടുകയും, ഘടകകക്ഷിയായ സി.പി.ഐ അതിൽ മുൻതൂക്കംനേടുകയും ചെയ്തത് പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. സി.പി.ഐയുടെ വാദങ്ങൾ ശരിയാണെന്ന് സമ്മതിക്കാൻ, കഴിഞ്ഞ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. എല്ലാക്കാര്യത്തിലും മറുപടി ഉണ്ടെന്നും, ഇപ്പോൾ പറയുന്നില്ലെന്നും മാത്രമായിരുന്നു പ്രതികരണം. അതിൽ മുഴച്ചുനിന്നതാകട്ടെ, പ്രതിസന്ധി സൃഷ്ടിച്ചതിലെ അനിഷ്ടം മാത്രവും.
അതേസമയം, മന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാട്ടുകയും 'സംഘി മന്ത്രി"യെന്ന് അധിക്ഷേപിച്ച് സമരം ചെയ്യുകയും ചെയ്ത സി.പി.ഐയുടെ വിദ്യാർത്ഥി, യുവജന വിഭാഗങ്ങളായ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും നിലപാടുകളെ ഗോവിന്ദൻ തള്ളിപ്പറഞ്ഞു. പൊതു സമൂഹത്തിന് തെറ്റാണെന്നു തോന്നുന്ന എല്ലാ പ്രയോഗങ്ങളും തെറ്റു തന്നെയാണ്. പി.എം ശ്രീ പദ്ധതി സംബന്ധിച്ച് ഇടതു മുന്നണി ചർച്ചചെയ്തു തീരുമാനമെടുത്ത് മുന്നോട്ടു പോകുമെന്നാണ് പറഞ്ഞിരുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മറ്റു ചില ചോദ്യങ്ങൾ
1. ധാരണപത്രവുമായി ബന്ധപ്പെട്ട തുടർ നടപടികൾ താത്കാലികമായി നിറുത്തിവയ്ക്കാനുള്ള കത്ത് കേന്ദ്ര സർക്കാരിന് അയച്ചിട്ടില്ലല്ലോ?എം.വി.ഗോവിന്ദൻ: അത് മന്ത്രിസഭയുടെ തീരുമാനമല്ലേ, അവരോട് ചോദിച്ചാൽ മതി.
2. ഒപ്പുവയ്ക്കും മുമ്പ് സി.പി.എമ്മിൽ ചർച്ച ചെയ്തില്ലേ?
എം.വി.ഗോവിന്ദൻ: ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയല്ലേ. മുഖ്യമന്ത്രിയും അഖിലേന്ത്യാ നേതാവും ഞാനുമെല്ലാം വിഷയത്തിൽ ഇടപെട്ടു.
3. ഒപ്പിടും മുമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി ചർച്ച ചെയ്തില്ലെന്നാണല്ലോ കേൾക്കുന്നത്?
എം.വി.ഗോവിന്ദൻ: അതിന് ഇപ്പോൾ മറുപടി പറയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |