കൊല്ലം: കോട്ടയം ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ അംഗീകാരം ലഭിച്ച കുടുംബശ്രീ സി.ഡി.എസായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മാറിയപ്പോൾ, പിന്നിൽ 'നിശബ്ദമായി' നയിച്ചത് രശ്മി മോഹൻ. സംസാരശേഷിയും കേഴ്‌വിശക്തിയും ഇല്ലെങ്കിലും പരിമിതികളിൽ പതറാതെയാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറിയും കുടുംബശ്രീ മെമ്പർ സെക്രട്ടറിയുമായ രശ്മി തന്റെ കർത്തവ്യം നിർവഹിച്ചത്.
സി.കേശവൻ സ്മാരക ടൗൺ ഹാളിൽ ഇന്നലെ നടന്ന ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയാണ് രശ്മി മോഹൻ ചരിത്രത്തിൽ ഇടംനേടിയത്.
സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, വൃദ്ധർ, സമുദായികമായി പിന്നാക്കാവസ്ഥയിലുള്ളവർ എന്നിവർക്കെല്ലാം സമത്വം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഭരണങ്ങാനം സി.ഡി.എസ് ഓഫീസ് പ്രവർത്തനം. ഫയൽ സംവിധാനത്തിൽ കാര്യക്ഷമതയും സേവനങ്ങളിൽ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് ഭൗതിക പശ്ചാത്തല സംവിധാനങ്ങളെയും മാനദണ്ഡങ്ങളെയും ക്രമീകരിച്ചാണ് അംഗീകാരം നേടിയത്. സിന്ധു പ്രദീപ് ചെയർപേഴ്സണിം അഞ്ജന വൈസ് ചെയർപേഴ്സണും, രശ്മി മോഹൻ മെമ്പർ സെക്രട്ടറിയുമാണ്. വാട്സ് ആപ്പിലൂടെയാണ് അംഗങ്ങളുമായി രശ്മി ആശയവിനിമയം നടത്തുന്നത്.
ബധിര വനിതകളുടെ സംഘടനയായ ഡെഫ് വുമൺസ് ഫോറം കേരളയുടെ സംസ്ഥാന പ്രസിഡന്റായും ബധിര ഗവ.ജീവനക്കാരുടെ സ്വതന്ത്ര സംഘടനയായ ഡെഫ് എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന കോ ഓർഡിനേറ്ററായും കോട്ടയം ഡിസ്ട്രിക്ട് അസോ. ഒഫ് ഡെഫിന്റെ ജില്ലാ എക്സിക്യുട്ടീവംഗമായും കോട്ടയം ഡെഫ് വുമൺസ് ഫോറത്തിന്റെ ചെയർപേഴ്സണായും പ്രവർത്തിച്ചുവരികയാണ് രശ്‌മി.
മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ 2016 ലെ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും 2021ൽ കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. പത്രപ്രർത്തകനായ അനിൽ കുമാറാണ് ഭർത്താവ്. ബിരുദ വിദ്യാർത്ഥിനി പാർവതിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശിവാനിയുമാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |