തിരുവനന്തപുരം : കേരള മീഡിയ അക്കാഡമിയുടെ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഒഫ് കേരളയ്ക്ക് (ഐ.എം.എഫ്.കെ) തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നാളെ തുടക്കമാകും. വൈകിട്ട് 6ന് നടക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മന്ത്രി കെ.എൻ.ബാലഗോപാലും ഉദ്ഘാടനം ചെയ്യുമെന്ന് മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു. പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് മുഖ്യാതിഥിയാകും.
ആയിരത്തിലധികം മാദ്ധ്യമ പ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മീഡിയ പേഴ്സൺ ഒഫ് ദി ഇയർ അവാർഡ് ആഫ്രിക്കയിലെ ബുർക്കിനോഫാസയിലെ മാദ്ധ്യമപ്രവർത്തക മറിയം ഔഡ്രാഗോ ഏറ്റുവാങ്ങും. ഇന്ത്യൻ മീഡിയ പേഴ്സൺ 2022,23,24 വർഷങ്ങളിലെ അവാർഡുകൾ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്ദീപ് സർദേശായി എന്നിവർക്ക് നൽകും. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡുകൾ. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചൊവ്വയും ബുധനും കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മാദ്ധ്യമ പ്രശ്‌നോത്തരി 'ക്വിസ് പ്രസ്' ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കും. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫി മന്ത്രി ആർ.ബിന്ദു സമ്മാനിക്കും. ഫെസ്റ്റിവെലിന് സമാപനം കുറിച്ച് വ്യാഴാഴ്ച വൈകിട്ട് 6.30ന് മാനവീയം വീഥിയിൽ നടക്കുന്ന സേവ് ഗാസ സംഗമം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും.
ശശികുമാർ, റാണാ അയൂബ്, ടോംഗം റിന, പുഷ്പ റോക്‌ഡെ, പ്രതിക് സിൻഹ, മുഹമ്മദ് സുബൈർ, ഐ.എൻ.എസ് ദേശീയ പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാർ, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവർമ്മ, പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ്, കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി പ്രൊഫ.കെ.വി.തോമസ്, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി, തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യൻ പോൾ, കെ.ജെ.തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി.റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ അക്കാഡമി സെക്രട്ടറി അരുൺ.എസ്.എസ്, പത്രപ്രവർത്തക യൂണിയൻ പ്രതിനിധി സുരേഷ് വെള്ളിമംഗലം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |