തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി ഏഴ് മുതൽ 11 വരെ തൃശൂരിൽ ജനകീയ പങ്കാളിത്തത്തോടെയും പരാതിരഹിതമായും സംഘടിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
19 സബ് കമ്മിറ്റികളുടെയും ചെയർമാൻമാരുടെയും കൺവീനർമാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മേള വൻവിജയമാക്കാൻ പ്രോമോ വീഡിയോ അടക്കമുള്ള ആധുനിക പ്രൊമോഷണൽ സംവിധാനങ്ങൾ ഉപയോഗിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി അനുയോജ്യമായ 26 വേദികൾ കണ്ടെത്തിയിട്ടുണ്ട്. മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലാകും താമസസൗകര്യം ഒരുക്കുക. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപയുടെ സാംസ്‌കാരിക സ്‌കോളർഷിപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ ഒളിമ്പിക്‌സിൽ കളരിപ്പയറ്റും
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന്റെ മാനുവൽ പരിഷ്‌കരിച്ച് കളരിപ്പയറ്റ് ഉൾപ്പെടെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. യു.ഐ.ഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിർണയത്തിന് പരിഗണിക്കാത്തതിനാൽ അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർക്ക് തസ്തിക നഷ്ടപ്പെടുന്ന കണക്ക് ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യു.ഐ.ഡി ഇല്ലെന്ന കാരണത്താൽ ഒരു കുട്ടിക്കും അനുകൂല്യം കിട്ടാതിരിക്കില്ല. ആധാർ കാർഡിന് പകരം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖയാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താനും സ്‌കൂളുകളിലെ തസ്തിക നിർണയം കുറച്ചുകൂടി ലഘൂകരിക്കാനും നിർദ്ദേശം സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി അടങ്ങുന്ന ഒരു ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് ഒക്ടോബറിൽ ലഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |