തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ട് വയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ഇയാളുടെ ശിക്ഷ ഒക്ടോബർ മൂന്നിന് കോടതി വിധിക്കും. കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം. പി. ഷിബുവാണ് കേസ് പരിഗണിച്ചത്.
പ്രതിക്കെതിരെ ലൈംഗിക പീഡനം, തട്ടികൊണ്ടുപോകൽ, കൊലപാതകശ്രമം എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയിട്ടുളളത്.ആറ്റിങ്ങൽ ഇടവ വെറ്റക്കട കുഞ്ഞിക്കാലെഴുകം വീട്ടിൽ അബു എന്നും കബീർ എന്നും വിളിപ്പേരുളള ഹസ്സൻകുട്ടി (45) ആണ് കേസിലെ പ്രതി. ഇയാൾ നിരവധി പോക്‌സോ കേസുകളിൽ പ്രതിയാണ്. സംഭവത്തിന് ദിവസങ്ങൾക്ക് മുൻപാണ് കൊല്ലം ആയൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ പ്രതി ആലുവയിൽ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി നോക്കിയിരുന്നു. ഇവിടെനിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നാടോടി ബാലികയെ പീഡിപ്പിച്ചത്. സംഭവശേഷം മുൻപ് ജോലിനോക്കിയിരുന്ന ആലുവയിലെ ഹോട്ടലിലേക്ക് മടങ്ങിയ പ്രതി അവിടെനിന്ന് അവധിയെടുത്ത് പളനിയിൽ പോയി തലമുണ്ഡനം ചെയ്ത് മടങ്ങി വരവെയാണ് കൊല്ലത്തുവച്ച് പേട്ട പൊലീസ് പിടികൂടിയത്.
ബ്രഹ്‌മോസിനു സമീപം ഹൈദരാബാദ് സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം ടെന്റിൽ കിടന്നുറങ്ങിയ കുട്ടിയെയാണ് പ്രതി തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്.
അടുത്തദിവസം വൈകുന്നേരം 7.30 നാണ് ബ്രഹ്‌മോസിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടുകിട്ടിയത്. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |